ബൊഗോട്ട: ചാനല്‍ ചര്‍ച്ചക്കിടയില്‍ അപ്രതീക്ഷിതമായ പല പൊട്ടിത്തെറികളും സംഭവിക്കാറുണ്ട്. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ മുതല്‍ കയ്യാങ്കളിവരെ എത്തിയ സംഭവമുണ്ട്. ചര്‍ച്ചക്കിടയില്‍ നടന്ന അപകടങ്ങളും പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒരു വാര്‍ത്തയാണ് കൊളംബിയയില്‍ നിന്ന് വരുന്നത്. കൊളംബിയയില്‍ ലൈവ് ചാനല്‍ ചര്‍ച്ചക്കിടയില്‍ അവതാരകന്റെ മേല്‍ സെറ്റ് തകര്‍ന്നു വീഴുകയായിരുന്നു.
ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം പതിച്ചത്. ചര്‍ച്ചക്കിടയില്‍ മോണിറ്റര്‍ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് അവതാരകന്‍ ചര്‍ച്ച താല്ക്കാലികമായി അവസാനിപ്പിക്കുകയും ഇടവേളയിലേക്ക് പോകുകയുമായിരുന്നു.
എന്നാല്‍ കാര്‍ലോസിന് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാരമായ പരിക്ക് പറ്റിയില്ലെന്നും സുഖം പ്രാപിക്കുന്നുവെന്നും കാര്‍ലോസ് ട്വിറ്ററില്‍ കുറിച്ചു. കാര്യമായ പ്രശ്‌നങ്ങളില്ലെന്നും മൂക്കിന് ചതവും മുറിവും മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിച്ചു. സംഭവം വിശദീകരിച്ചുകൊണ്ടുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.