ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസും പതിനെട്ടുകാരി ഹിമയും വെള്ളി മെഡല്‍ നേടി. 400 മീറ്റര്‍ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഹിമയുടെ മെഡല്‍ നേട്ടം. അതേസമയം 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തില്‍ ഖത്തറിന്റെ അബ്ദലേല ഹസന്‍ (44.89) സ്വര്‍ണവും ബഹ്‌റൈന്റെ അലി ഖാമിസ് വെങ്കലവും (45.70) നേടി. വനിതകളില്‍ ബഹ്‌റൈന്റെ സല്‍വ ഈദ് നാസര്‍ (50.09) സ്വര്‍ണവും കസാഖിസ്ഥാന്റെ എലീന മിഖീന (52.63) വെങ്കലവും നേടി.
പുരുഷ വിഭാഗത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ആരോക്യ രാജീവ് 45.84 സെക്കന്‍ഡില്‍ ഓടിയെത്തി നാലാംസ്ഥാനം സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ ഹിമക്കൊപ്പം ഓടിയ മറ്റൊരു ഇന്ത്യന്‍ താരം നിര്‍മല ഷിയറനും 52.96 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കി നാലാമതെത്തി. ഇതോടെ ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യക്ക് 33 മെഡലുകളായി.