ചാറ്റല്‍ മഴക്കൊപ്പം ഗാലറികളില്‍ നിന്നുയര്‍ന്ന നിലക്കാത്ത ആരവം കരുത്താക്കി മലയാളി താരങ്ങളായ പി.യു ചിത്രയും മുഹമ്മദ് അനസും ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഇന്ത്യ നേടിയത് നാലു സ്വര്‍ണം. രണ്ടെണ്ണം മലയാളി താരങ്ങളുടെ വക. 400 മീറ്ററില്‍ അനസിന്റെ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നതായിരുന്നുവെങ്കില്‍ അപ്രതീക്ഷിതമായിരുന്നു 1500 മീറ്റര്‍ ഓട്ടത്തില്‍ കരിയറിലെ മികച്ച പ്രകടനവുമായി പി.യു ചിത്രയുടെ ഗോള്‍ഡന്‍ ഫിനിഷ്. വനിത വിഭാഗം 400 മീറ്ററില്‍ നിര്‍മല ഷാരോണും (52.01) പുരുഷ വിഭാഗം 1500ല്‍ അജയ്കുമാര്‍ സരോജും (3:45.85) ഇന്ത്യക്കായി സ്വര്‍ണം നേടി. വനിത വിഭാഗം 400 മീറ്ററില്‍ മലയാളി താരം ജിസ്‌ന മാത്യുവിനാണ് വെങ്കലം (53.32). പുരുഷ വിഭാഗത്തില്‍ ആരോക്യ രാജീവും (46.14), ഷോട്ട്പുട്ടില്‍ ഓംപ്രകാശ ഖരാനയും വെള്ളി നേടി.
11 ഫൈനലുകള്‍ നടന്ന ഇന്നലെ ഇന്ത്യ നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനാലായി. ആറു സ്വര്‍ണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം. നിലവിലെ ചാമ്പ്യന്‍മാരായ ചൈനയെ രണ്ടാം സ്ഥാനത്താക്കി ഇന്ത്യ മുന്നേറ്റം തുടരുന്നു. ഇന്നലെ വൈകിട്ട് മത്സരങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കനത്ത മഴ പെയ്തു. അരമണിക്കൂറിലധികം മത്സരങ്ങള്‍ തടസപ്പെട്ടു. നൂറു മീറ്റര്‍ സെമിഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ആതിഥേയ താരം അമെയ് കുമാര്‍ മല്ലികിന് ട്രാക്ക് വിടേണ്ടി വന്നത് ഗാലറിയെ നിരാശരാക്കി. രാവിലെ നടന്ന 4-100 മീറ്റര്‍ റിലേ ഹീറ്റ്‌സിലും അമെയ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം അയോഗ്യരാക്കപ്പെട്ടിരുന്നു. ഇന്ന് 800 മീറ്ററിലടക്കം 11 ഫൈനലുകള്‍ നടക്കും. പുരുഷ വിഭാഗം ഹാമര്‍ത്രോയില്‍ റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ദില്‍ഷന്‍ നസറോവ് മത്സരിക്കാനിറങ്ങും. ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുന്ന ഏക ഒളിമ്പിക് ചാമ്പ്യനാണ് ഈ തജകിസ്താന്‍കാരന്‍.
ചിത്ര കഥ
ഇന്റര്‍നാഷണല്‍ !
സ്‌കൂള്‍ മീറ്റിലെ ട്രാക്കില്‍ നിന്നുള്ള ഏറ്റവും മികച്ച കണ്ടെത്തല്‍ താനാണെന്ന് പി.യു ചിത്ര ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യ രണ്ടു ലാപില്‍ ഏറെ പിന്നിലായിരുന്ന ചിത്ര അവസാന 200 മീറ്ററിലാണ് മിന്നല്‍ പോലെ കുതിച്ചെത്തിയത്, ആഈ കുതുപ്പില്‍ പിന്നിലായത് സ്വര്‍ണം മോഹിച്ചെത്തിയ ചൈനയുടെയും ജപ്പാന്റെയും താരങ്ങള്‍. ചിത്ര ഫിനിഷിങ് ലൈന്‍ തൊട്ടത് നാലു മിനുറ്റ്് 17.92 സെക്കന്റില്‍. സീനിയര്‍ തലത്തില്‍ ചിത്രയുടെ രണ്ടാം അന്താരാഷ്ട്ര സ്വര്‍ണ നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. ചിത്രയുടെ മികച്ച സമയം കൂടിയാണ് മീറ്റില്‍ കുറിക്കപ്പെട്ടത്.
പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ കൂലിപണിക്കാരനായ ഉണ്ണികൃഷ്ണന്റെയും വസന്തയുടെയും മകളായ ഈ 21കാരി സ്്കൂള്‍ മീറ്റുകളിലൂടെയായിരുന്നു ട്രാക്കിലെ താരമായത്. നിരവധി തവണ സംസ്ഥാന-ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ ദീര്‍ഘദൂര ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയ താരം 2014ലെ റാഞ്ചി ജൂനിയര്‍ സാഫ് ഗെയിംസില്‍ 3000, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടിയിരുന്നു. 2013ല്‍ നടന്ന മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണം നേടി. ലൂസിഫോണിയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്ററിലെ സ്വര്‍ണം ചിത്രക്കായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മുണ്ടൂര്‍ സ്‌കൂളിലെ കായിക അധ്യാപകനായ എന്‍.എസ് സിജിനാണ് പരിശീലകന്‍.
ഹസനും സ്യാബ്കിനയും അതിവേഗക്കാര്‍
ഭുവനേശ്വര്‍: ഇറാന്റെ ഹസന്‍ തഫ്താനിയും കസാക്കിസ്താന്റെ വിക്ടോറിയ സ്യാബ്കിനയും ഏഷ്യയിലെ വേഗമേറിയ താരങ്ങള്‍. വനിത വിഭാഗം നൂറ് മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലം നേടി. കസാക്കിന്റെതന്നെ ഓള്‍ഗ സഫറനോവക്കാണ് വെള്ളി. മീറ്റിന് തൊട്ടുമുമ്പ് ലിംഗ വിവാദത്തില്‍പ്പെട്ട ദ്യുതി, മത്സരത്തില്‍ തളര്‍ന്നില്ല. വീറോടെ പൊരുതിയാണ് ഒഡീഷയിലെ സ്വന്തം കാണികള്‍ക്കുമുന്നില്‍ ദ്യുതി വെങ്കലം കുറിച്ചത്. പുരുഷന്‍മാരില്‍ നിലവിലെ ചാമ്പ്യനും ഏഷ്യന്‍ റെക്കോഡുകാരനുമായ െഫമി ഒഗുനോദയെ മറികടന്നാണ്് ഇറാന്റെ ഹസന്‍ തഫ്തിയാന്‍ സ്വര്‍ണമണിഞ്ഞത്. 2012ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനാണ്. ഒഗുനോദെ വെള്ളി നേടി.