X

അരാജപക്ഷം-പ്രതിഛായ

പുരാണത്തിലെ സീതയെ അപഹരിച്ചുകൊണ്ടുചെന്ന രാജ്യമാണ് ശ്രീലങ്ക. നൂറ്റാണ്ടുകള്‍ക്കുശേഷം രാജ്യത്തെതന്നെ അപഹരിച്ച് നശിപ്പിച്ചവരുടെ കഥയാണ് പഴയ സിലോണിന് പറയാനുളളത്. ഭരണാധികാരികളായ രാജപക്‌സ കുടുംബത്തിന്റെ ചെയ്തികള്‍ ദ്വീപുരാഷ്ട്രത്തെ മുച്ചൂടും മുടിച്ചിരിക്കുന്നു. ഭക്ഷണത്തിനും ഇന്ധനത്തിനുംവേണ്ടി ജനം തെരുവില്‍ പോരടിക്കുന്നു. അവരെ സൈന്യത്തെ ഉപയോഗിച്ച് വെടിവെച്ചുകൊല്ലുന്നു. ആഭ്യന്തരയുദ്ധത്തിനിടെ ഏതൊരുനാട്ടിലും സംഭവിക്കാവുന്നതാണ് ഇതെല്ലാമെങ്കിലും ഒരുദക്ഷിണേഷ്യന്‍രാഷ്ട്രത്തിന് ആഫ്രിക്കയുടെ ഗതിവന്നതിനുകാരണം ലങ്കയുടെ രാഷ്ട്രീയകുടുംബത്തിന്റെ ധൂര്‍ത്താണ്. പ്രസിഡന്റും പ്രധാനമന്ത്രിയും സായുധതലവനും മന്ത്രിമാരും ഉപദേശകരുമെല്ലാം ഒരേ കുടുംബത്തില്‍നിന്നായതും ഖജനാവൊന്നാകെ അവര്‍ കീശയിലാക്കിയതുമാണ് ഈദുര്‍ഗതിക്ക് കാരണം. എല്ലാത്തിനുംശേഷം സര്‍വാധികാരിയായ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ പറയുന്നു, പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ തന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാമെന്ന്. കാപട്യം കയ്യോടെ പിടികൂടപ്പെട്ട മലയാളസിനിമയിലെ കുമ്പിടി എന്ന ജഗതിയുടെ കഥാപാത്രത്തിന്റെ അവസ്ഥയിലാണിപ്പോള്‍ ഗോട്ടബായ. ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഗോട്ടബായയുടെശ്രമം.

2020ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ രാജപക്‌സ പ്രധാനന്ത്രിയായി നിയമിച്ചത് പഴയപ്രസിഡന്റ് മൂത്തസഹോദരന്‍ മഹീന്ദയെയായിരുന്നു. ധനകാര്യം, കൃഷി തുടങ്ങിയ വകുപ്പുകളിലും ചമല്‍, ബേസില്‍ എന്നീ ഇതരസഹോദരങ്ങളെവെച്ചു. ഗോട്ടബായക്കുതന്നെയാണ് പ്രതിരോധം. മഹീന്ദയുടെ മകനായിരുന്നു മറ്റൊരു കാബിനറ്റ്മന്ത്രി. ഇന്ത്യക്കെതിരായി ചൈനയുടെ സഹായംവന്‍തോതില്‍ വാങ്ങിയതും വെല്ലുവിളിയായി. മലപോലെ രാജ്യത്തിന്റെ കടംപെരുകി. തിരിച്ചടവ് നിലച്ചു. വെറും അഞ്ചുകോടിഡോളറായി സര്‍ക്കാരിന്റെപക്കലെ കുരതല്‍ധനം. ഇറക്കുമതി നിലച്ചു. പെട്രോള്‍വില മുന്നൂറും അരിവില നാനൂറിലുമെത്തി. ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്. പ്രസിഡന്റും പ്രധാനമന്ത്രിയും സൈന്യത്തെ ഇറക്കിവിട്ടതോടെ പത്തോളംപേര്‍ വെടിയേറ്റ് മരിച്ചുവീണു. പട്ടിണികൊണ്ടും വരിനിന്നും മരിച്ചുവീണത് ഇതിലധികംപേരും. ഇതോടെയാണ് അധികാരംവിട്ടൊഴിയാന്‍ മഹീന്ദയോട് ഗോട്ടബായ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ എല്ലാവരും കുടുങ്ങും.

ഏപ്രിലില്‍ മന്ത്രിസഭക്കൊന്നാകെ രാജിവെക്കേണ്ടിവന്നു. മെയ്11ന് മഹീന്ദയും രാജിവെച്ചതോടെ പ്രധാനമന്ത്രിപദത്തിന് പ്രതിപക്ഷത്തെ പലരെയും ഗോട്ടബായ ക്ഷണിച്ചു. പലരും നിരസിച്ചെങ്കിലും മുന്‍പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അധികാരമേറ്റു. 2020ല്‍ മുന്‍സര്‍ക്കാര്‍ പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് നിയമം പാസാക്കിയെങ്കിലും അത് റദ്ദാക്കിയയാളാണ് ഗോട്ടബായ. വലിയഭാരമാണ് പ്രധാനമന്ത്രിയുടെയും പാര്‍ലമെന്റിനുംമുന്നിലുള്ളത്. ഗോട്ടബായ രാജിവെച്ചില്ലെങ്കില്‍ അധികാരം പാര്‍ലന്റിലേക്ക് മാറ്റി നിയമംഭേദഗതിചെയ്താല്‍ അദ്ദേഹത്തിന് തുടരാനാകുമോ എന്നചോദ്യം നിലനില്‍ക്കുന്നു. ശിക്ഷാനടപടികളില്‍നിന്ന ്തലയൂരാനാകും ഗോട്ടബായയുടെയും കുടുംബത്തിന്റെയുംനീക്കം.

പുതിയമന്ത്രിസഭയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നും റനില്‍ ഇതിനൊക്കെ നിന്നുകൊടുക്കുമോ എന്നുമാണ് ലോകം ഉറ്റുനോക്കുന്നത്. ഐ.എം.എഫും ഇന്ത്യയും മറ്റും സഹായിക്കുന്നതിനാല്‍ കുരുക്കില്‍നിന്ന് തല്‍കാലം തലയൂരാനാകുമെങ്കിലും ജനങ്ങളില്‍ മഹാഭൂരിപക്ഷവും രാജപക്‌സ കുടുംബത്തോട് ഈര്‍ഷ്യയുള്ളവരാണെന്നതിനാല്‍ അവരിലൊരാള്‍ അധികാരത്തില്‍തുടരുന്നത് പ്രശ്‌നംതുടരാനേ ഉപകരിക്കൂ. പ്രശ്‌നം കെട്ടടങ്ങിയാല്‍ വാക്കുമാറാനുള്ള സാധ്യതയും ജനം കാണുന്നുണ്ട്. 1978 മുതല്‍ തുടരുന്ന രാജ്യത്തിന്റെ പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണ് മാറ്റാനൊരുങ്ങുന്നത്. 1991 വരെ ആര്‍മിയില്‍ലെഫ്.കേണലായിരുന്ന ഗോട്ടബായ തമിഴ്‌യുദ്ധത്തില്‍ സിംഹളപക്ഷത്തെ പ്രധാനിയായിരുന്നു. 1998ല്‍ അമേരിക്കയിലേക്ക് പോയെങ്കിലും സഹോദരന്റെ കീഴില്‍ പ്രതിരോധസെക്രട്ടറിയായി തിരിച്ചെത്തിയാണ് ആദ്യമായി ഒരധികാരപദവിയിലേക്കെത്തുന്നത്. എട്ടാമത് പ്രസിഡന്റും കാലാവധിതികക്കാതെ വരുമോ എന്നാണിപ്പോള്‍ ഉറ്റുനോക്കപ്പെടുന്നത്.

Chandrika Web: