പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്ന കേസില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 പേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍-നിര്‍മല ദമ്പതികളുടെ മകന്‍ വയലാര്‍ അനന്തു അശോക് (17) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ആര്‍.എസ്.എസ് വയലാര്‍ മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില്‍ ആര്‍ ശ്രീക്കുട്ടന്‍(23) ആണ് ഒന്നാംപ്രതി. രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്. കൂടാതെ വിഷ്ണു നിവാസില്‍ എം. ഹരികൃഷ്ണന്‍(23), ചക്കുവെളി വീട്ടില്‍ യു. സംഗീത്(കണ്ണന്‍-19), വേന്തമ്പില്‍ വീട്ടില്‍ എം. മിഥുന്‍(19), കുറുപ്പന്തോടത്ത് എസ്. അനന്തു(20), ഐക്കരവെളി ഡി. ദീപക്(23), പുതിയേക്കല്‍ വീട്ടില്‍ ആര്‍. രാഹുല്‍(മനു-20), ചക്കുവെളി യു. ഉണ്ണികൃഷ്ണന്‍(22),പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ(19)എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പ്രതികളില്‍ ഭൂരിഭാഗംപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെ വയലാര്‍ നീലിമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്‌കൂള്‍ പരിസരത്ത് ചിലര്‍ ക്യാമ്പ് ചെയ്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരിയിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് വലയിലാക്കുന്നതും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതും അനന്തുവും കൂട്ടരും ചോദ്യംചെയ്യുകയും ഇവരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെയില്‍ ചെറിയതോതില്‍ ആക്രമണം ഉണ്ടായി. ഇതിനു പ്രതികാരം തീര്‍ക്കാനാണ് നീലിമംഗലത്തുവെച്ച് അനന്തുവിനെയും കൂട്ടുകാരെയും ആക്രമിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അനന്തുവിന്റെ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്.
മരിച്ച അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂര്‍ത്തിയാകാത്തവരേയും മുതിര്‍ന്നവരായി കണക്കാക്കിയുള്ള നിയമനടപടിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി വൈ ആര്‍ റസ്റ്റം പറഞ്ഞു.