വിശാല്‍ ആര്‍
31 മാസം നീണ്ട തടവിനൊടുവില്‍ ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട എഴുത്തുകാരനും ദലിത് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെ ജയില്‍ മോചിതനായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തെല്‍തുംദെക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയത്. ഇതോടെയാണ് ജയില്‍ മോചനം ലഭിച്ചത്. കേസില്‍ യു.എ. പി.എ ചുമത്താനുള്ള വകുപ്പ് എന്താണെന്നു കോടതിക്ക് ആരായേണ്ടിവന്നത്‌കേസ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലേക്കെത്തിക്കുന്നതാണ്. മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന പരിപാടി ദലിത് സംഘാടനത്തിന് വേണ്ടിയാണെന്നാണ് നിങ്ങള്‍ ആരോപിച്ചത്. ദലിതര്‍ ഒത്തുകൂടുന്നത് നിരോധിത പ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കമാണോ എന്നും കോടതിക്ക് ചോദിക്കേണ്ടിവന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ തെല്‍തുംദെക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തുംദെക്ക് എതിരെ നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഐ.ഐ.ടി പ്രൊഫസറും ദലിത് സ്‌കോളറുമായ ആനന്ദ് തെല്‍തുംദെയെ 2020 ഏപ്രില്‍ 14നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന്റെ കണ്‍വീനര്‍ ആയിരുന്നു അദ്ദേഹം. 2018ല്‍ രാജ്യത്തെ ദലിത് സംഘടനകളുടെയും എല്‍ഗാര്‍ പരിഷത്ത് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ഒട്ടേറെപേരെ കേസില്‍പ്പെടുത്തി വേട്ടയാടുകയായിരുന്നു. മഹാരാഷ്ട്രയിലെ യവാത്മാല്‍ ജില്ലയിലെ രജുര്‍ എന്ന പിന്നാക്ക ഗ്രാമത്തില്‍ ദലിത് കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആനന്ദ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ പഠന ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എയും കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. തുടക്ക കാലത്ത് ഭാരത് പെട്രോളിയത്തിന്റെ എക്‌സിക്യൂട്ടീവ് ആയും പിന്നീട് പെട്രോണെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനാജിംഗ് ഡയറക്ടറായുമെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം പതിയെ തന്റെ തത്പരമേഖലയായ അക്കാദമിക രംഗത്തേക്ക് കടന്നുവരികയായിരുന്നു. കരഖ്പൂര്‍ ഐ.ഐ.ടിയില്‍ അധ്യാപകനായി അക്കാദമിക് ജീവിതം ആരഭിച്ച ആനന്ദ് പിന്നീട് ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സീനിയര്‍ പ്രൊഫസറായി. അക്കാലത്ത് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ അദ്ദേഹം ആരംഭിച്ച ‘മാര്‍ജിന്‍ സ്പീക്’ എന്ന കോളത്തിലൂടെയാണ് ആനന്ദ് തെല്‍തുംദെ എന്ന രാഷ്ട്രീയ ചിന്തകനെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗം അറിഞ്ഞുതുടങ്ങിയത്.
ജാതിവ്യവസ്ഥയുമായും ഇന്ത്യയിലെ ദലിത് പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ജയിലിലടക്കെപ്പെടുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷം പുറത്തുവന്ന അദ്ദേഹത്തിന്റെ ‘റിപബ്ലിക് ഓഫ് കാസ്റ്റ് തിങ്കിംഗ് ഇക്വാലിറ്റി ഇന്‍ ദ ടൈം ഓഫ് നിയോലിബറല്‍ ഹിന്ദുത്വ’ എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ജാതി ഉന്മൂലനത്തിലൂടെയും സ്‌റ്റേറ്റ് സോഷ്യലിസത്തിലൂടെയും ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക ജനാധിപത്യം ഉറപ്പുവരുത്തുക എന്ന അംബേദ്കറിന്റെ അതേ രാഷ്ട്രീയ വീക്ഷണമാണ് ആനന്ദ് തെല്‍തുംദെയും മുറുകെപിടിച്ചത്.
2018 ആഗസ്റ്റ് 29 ന് ഗോവയിലെ ആനന്ദ് തെല്‍തുംദെയുടെ വീട്ടില്‍ നടന്ന പൊലീസ് റെയിഡോടുകൂടിയാണ് അദ്ദേഹത്തിന് നേരെയുള്ള
ഭരണകൂടവേട്ട ആരംഭിക്കുന്നത്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരിലൊരാളായി ആനന്ദ് തെല്‍തുംദെയെയും പട്ടികയില്‍ പെടുത്തിയ പൊലീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതിനായുള്ള മാവോയിസ്റ്റ് ഗൂഢാലോചന എന്ന പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യത്തിലും അദ്ദേഹത്തെ പെടുത്തുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് നേരെ യു.എ.പി.എ കുറ്റം ചുമത്തുകയും ചെയ്തു. 2020 ജനുവരിയില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അദ്ദേഹം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫെബ്രുവരിയില്‍ പൂനൈ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകനെ കാണാനായി മുംബെയിലേക്ക് പോകവെ 2020 ഫെബ്രുവരി മൂന്ന് പുലര്‍ച്ചെ 3.30 ന് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി നാലാഴ്ച സാവകാശം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. പിന്നീടദ്ദേഹം സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും മാര്‍ച്ച് 16 ന് ജാമ്യാപേക്ഷ നിരസിക്കുകയും കീഴടങ്ങുന്നതിനായി മൂന്നാഴ്ച സമയം അനുവദിക്കുകയുമായിരുന്നു.