മുംബൈ: പ്രമുഖ ചിന്തകനും ദലിത് ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംഡെ അറസ്റ്റില്‍. ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെ കേസിലാണ് അറസ്റ്റ്. അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന തെല്‍തുംഡെയുടെ ആവശ്യം കോടതി തള്ളി ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത തെല്‍തുംഡെയെ വൈല്‍ പാര്‍ലെ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. 2017 ല്‍ ഭീമ കൊറെഗാവില്‍ നടന്ന സംഘര്‍ഷത്തില്‍ തന്നെ പ്രതി ചേര്‍ത്തുള്ള എഫ്.ഐ.ആര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തെല്‍തുംഡെ സുപ്രീകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ആവശ്യം തള്ളുകയാണുണ്ടായത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും, തെല്‍തുംഡെക്ക് മേലുള്ള ആരോപണങ്ങളെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും ചൂണ്ടി കാട്ടി അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പൂനെ സെഷന്‍ കോടതിയും തള്ളിയിരുന്നു.
2017 ഭീമ കൊറെഗാവ് അനുസ്മരണത്തോട് അനുബന്ധിച്ച് നടന്ന എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്തവര്‍ വിദ്വഷ പ്രസംഗം നടത്തിയെന്നും, ഇത് സംഘര്‍ഷത്തിന് വഴിവെച്ചുവെന്നും ചൂണ്ടി കാട്ടിയ പൊലീസ്, പരിപാടിക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍ക്ക് പങ്കുണ്ടെന്നും ആരോപിക്കുന്നു. നേരത്തെ, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറാരിയ, വെര്‍ണോണ്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവ്‌ലാഖ എന്നിവരും സമാന കേസില്‍ അന്വേഷണം നേരിടുന്നുണ്ട്.