ഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ആറ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് എസ്‌യുവിഎസ് സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ആറ് യുവതാരങ്ങള്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം.
ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ബോളര്‍മാരായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, നവ്ദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്രയുടെ അപ്രതീക്ഷിത സമ്മാനം. ഇതില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഒഴികെയുള്ള അഞ്ച് പേരും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്ക്കായി ആദ്യമായി കളത്തിലിറങ്ങിയത്. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്. അസാധ്യമായവയെ സ്വപ്‌നം കാണുകയും അവ നേടുകയും ചെയ്യണമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് സിറാജ്. ഗാബ ടെസ്റ്റില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഷാര്‍ദുല്‍ താക്കൂറും വാഷിങ്ടണ്‍ സുന്ദറും നിര്‍ണായക പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും ടി.നടരാജന്റെ ബോളിങ്ങും ശ്രദ്ധിക്കപ്പെട്ടു.