X

ഗള്‍ഫ്-അമേരിക്ക ബന്ധം മങ്ങുന്നു

മഹമൂദ് മാട്ടൂല്‍

ഇയ്യിടെ സഊദി അറേബ്യയില്‍ പതിച്ച ഡ്രോണുകള്‍ എണ്ണ ടാങ്കുകള്‍ നശിപ്പിച്ചില്ലെങ്കിലും സഊദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പകുതിയിലധികം നിശ്ചലമാക്കുന്നതായിരുന്നു. 500 കിലോമീറ്റര്‍ അകലെയുള്ള യമനില്‍നിന്നു സഊദി അറേബ്യയുടെ 300 കിലോമീറ്റര്‍ ഉള്ളിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് കടന്നാക്രമണം നടത്താന്‍ ഹൂഥികള്‍ക്ക് കഴിഞ്ഞു എന്നത് ആശങ്കയുളവാക്കുന്നതാണ്. എണ്ണ സമ്പന്നമായ സഊദി അമേരിക്കന്‍ സൈന്യത്തിന്റെ സംരക്ഷണ വാഗ്ദാനത്തെയാണ് പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്നത്. ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിനുശേഷം ആ പ്രതിബദ്ധത ഏറ്റവും ഗുരുതരമായ പരീക്ഷണത്തെ അഭിമുഖീകരിക്കുന്നു. 17 മിസൈലുകളും ഡ്രോണുകളും നടത്തിയ ആക്രമണം സഊദി അറേബ്യയിലെ ഏറ്റവും നിര്‍ണായകമായ എണ്ണ സ്ഥാപനം തകര്‍ക്കുകയും ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ച് ശതമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കാരണമാവുകയും ചെയ്തു.

വര്‍ഷങ്ങളായി മങ്ങിക്കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തത്തിന്റെ അവസാന പ്രഹരവും അവര്‍ നേരിട്ടു എന്ന് വേണമെങ്കില്‍ പറയാം. എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളില്‍നിന്നും പ്രത്യേകിച്ച് ഇറാനില്‍നിന്നു സംരക്ഷിക്കാന്‍ അമേരിക്ക എന്ന സുരക്ഷാകവചം എന്നും കൂടെയുണ്ടെന്ന വലിയ വിശ്വാസം തകര്‍ന്നിരിക്കുകയാണ്. 1945 ല്‍ ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ് സഊദി അറേബ്യയിലെ ആദ്യത്തെ രാജാവായ അബ്ദുല്‍ അസീസ് ഇബ്‌നുസഊദുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്നാണ് രാജവാഴ്ചയെ സംരക്ഷിക്കാനുള്ള അമേരിക്കന്‍ പ്രതിബദ്ധതയുടെ തുടക്കം. ശീതയുദ്ധ കാലത്ത് ഇത് കൂടുതല്‍ ശക്തമായി. കമ്യൂണിസത്തിനെതിരെ പോരാടുന്നതിന് സഊദി അറേബ്യയുടെ എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹാരി ട്രൂമാന്‍ മുതല്‍ ജോര്‍ജ്ജ് ബുഷ് വരെയുള്ള പ്രസിഡന്റുമാര്‍ വിശ്വസിച്ചപ്പോള്‍ ബന്ധം കൂടുതല്‍ പരിപോഷിച്ചു.

രാജ്യത്തിന്റെ ഏറ്റവും പ്രധാന രണ്ട് മേഖലയിലെ എണ്ണ സംഭരണ ടാങ്കുകളും ശുദ്ധീകരണ ശാലയുമാണ് ഹൂഥികള്‍ വളരെ ആയാസരഹിതമായി ആക്രമിച്ചത്. അത്കാരണമുണ്ടായ ‘നാശനഷ്ടം പരിമിതമായിരുന്നു’ എന്ന് വേണമെങ്കില്‍ സമാധാനിക്കാം. പക്ഷേ അതിന്റെ സന്ദേശം ഇതല്ല. ഹൂഥികള്‍ക്ക് അത് ആവാമെങ്കില്‍ ഇറാന് എപ്പോള്‍ വേണമെങ്കിലും ഗള്‍ഫിന്റെ സാമ്പത്തിക ലൈഫ് ലൈനിനെ ആക്രമിക്കാന്‍ സാധിക്കും എന്നത് തന്നെയാണ്. പ്രതികാരമായി ഇറാനെതിരെ സൈനിക തിരിച്ചടി നടത്താന്‍ സഊദിയെ പ്രേരിപ്പിക്കുകയാണ് അമേരിക്ക. എന്നാല്‍ അമേരിക്ക പെട്രോളിയം ഉത്പന്നങ്ങള്‍ക്കുവേണ്ടി മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് ഇറാനെ പാഠം പഠിപ്പിക്കാനുള്ള കാരണമാണ്. ഇതിനെതിരെ ചൈനയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തുണ്ട്. അവര്‍ സമാധാനത്തിന്റെ വഴി ഉപദേശിക്കുന്നു. കഴിഞ്ഞ ജൂണില്‍ ആളില്ലാ അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചശേഷം ഇറാനെ ‘ഇല്ലാതാക്കുമെന്ന്’ ഭീഷണിപ്പെടുത്തിയ ട്രംപ് അവസാന നിമിഷം ആസൂത്രിതമായ പ്രതികാരത്തില്‍നിന്ന് പിന്മാറി.

ഒബാമയേക്കാള്‍ കര്‍ശനമായ രക്ഷാധികാരിയാകുമെന്ന് സഊദികളും എമിറാത്തികളും ആദ്യം വിശ്വസിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അദ്ദേഹം പിന്മാറുകയും കനത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ അവര്‍ സന്തോഷിച്ചു. എന്നാല്‍ ട്രംപിന്റെ വാചാടോപവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് ഗള്‍ഫ് നേതാക്കള്‍ അസ്വസ്ഥരാണ്. ഈ പ്രസിഡന്റിനെ ആശ്രയിക്കാന്‍ കഴിയുമോ എന്ന് യുണൈറ്റഡ് അറബ് ഭരണാധികാരികളും ഇപ്പോള്‍ വിചിന്തനം നടത്തുന്നു. ഗള്‍ഫ് പ്രതിസന്ധിയില്‍ അമേരിക്കന്‍ ഭരണകൂടത്തെക്കുറിച്ചും ഇറാനെതിരായ അവരുടെ ‘പരമാവധി സമ്മര്‍ദ്ദം’ പ്രചാരണത്തിന്റെ അപകടങ്ങളെക്കുറിച്ചും മാത്രമല്ല. പ്രസിഡന്റ് ട്രംപിന്റെ തെറ്റായ കണക്കുകൂട്ടലുകള്‍ തങ്ങളെ രക്ഷിക്കാന്‍ സഹായകരമല്ല എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. ആദ്യ ഇറാന്‍ ഇറാഖ് യുദ്ധ കാലത്ത് തന്നെ ചില ഗള്‍ഫ് ഭരണാധികാരികള്‍ മനസ്സിലാക്കിയതാണിത്. 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ദുരന്തം മുതല്‍ അമേരിക്ക മിഡില്‍ഈസ്റ്റില്‍നിന്ന് അകലുകയായിരുന്നു. അക്കാലത്ത് അവര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട എണ്ണയെ കുറിച്ച് പറയാനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്ക മിഡില്‍ഈസ്റ്റിന്റെ എണ്ണയെ ആശ്രയിക്കുന്നില്ല എന്നതിനാല്‍ ആ കണക്കു പറയാനില്ല.

പതിറ്റാണ്ടുകളായി, ഗള്‍ഫ് ഭരണാധികാരികള്‍ അമേരിക്കയുമായുള്ള അടുത്ത ബന്ധവും (അമേരിക്കന്‍ ആയുധങ്ങള്‍ക്കായി ചെലവഴിച്ചത് ശതകോടിക്കണക്കിന് ഡോളറാണ്) അവരെ ഏറെക്കുറെ അജയ്യരാക്കി. അമേരിക്കയുടെ പ്രധാന പങ്കാളികളായ ഇറാനിലെ ഷായെ നിലനിര്‍ത്താന്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ അമേരിക്കക്ക് സാധിച്ചില്ല. അതുകൊണ്ട്തന്നെ ഇപ്പോള്‍ ഏതൊരു അമേരിക്കന്‍ പ്രസിഡന്റും സഊദി അറേബ്യയെ പ്രതിരോധിക്കാന്‍ അവരുടെ കാര്യമായ രക്തവും ധനവും അപകടത്തിലാക്കുമെന്ന് സങ്കല്‍പ്പിക്കുക പ്രയാസമാണ്. മുമ്പ് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഇറാനിയന്‍ അയല്‍വാസിയെ പാഠംപഠിപ്പിക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞരോടും ജനറല്‍മാരോടും സഊദിഅറേബ്യ പതിവായി ആഹ്വാനം ചെയ്തിരുന്നു. കടിക്കുമെന്ന് ഉറപ്പുള്ള ‘പാമ്പിന്റെ തല ഛേദിച്ചുകളയാന്‍’ പോലും 2008 ല്‍ സഊദി പറഞ്ഞതാണ് ഇറാന്റെ ആണവ സൈറ്റുകളില്‍ ബോംബ് വെക്കാന്‍ അമേരിക്കയെ പ്രോത്സാഹിപ്പിച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സത്യത്തില്‍ സഊദി അറേബ്യയുടെ ചിലവില്‍ ഇസ്രാഈലിനുവേണ്ടിയുള്ള ഇടപെടലായിരുന്നു അത്.

സദ്ദാം ഹുസൈന്റെ കുവൈത്ത് ആക്രമണത്തെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യം തയ്യാറായി. അതിന്റെ ഫലമായി നടന്ന 1991 ലെ ഗള്‍ഫ് യുദ്ധത്തിന്റെ ഓര്‍മ്മകളാണ് ഇതുവരെ സഊദിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ നില മാറി. ഇറാനിലെ ജനസംഖ്യയും സൈനിക ശക്തിയും അമേരിക്കന്‍ ശക്തിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്നതിനു കാരണമായി. ഏകദേശം 10,000 മൈല്‍ അകലെയാണ് അമേരിക്ക എന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളെ ചില വസ്തുതകളെ ഓര്‍മ്മിപ്പിക്കുന്നു. ഇറാന് നേരെ അമേരിക്കല്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അറബ് മേഖലകളില്‍ ഇറാന്‍ തിരിച്ചടിക്കും എന്നുറപ്പാണ്. അമേരിക്കയുമായി ചേര്‍ന്ന് സഊദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റും ഇറാനെ ആക്രമിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അവസാന അമേരിക്കക്കാരോട് യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിന്റെ പ്രസ്താവന ഇതിന്റെ ചൂണ്ടുപലകയാണ്.

കഴിഞ്ഞ ദിവസം സഊദിഅറേബ്യയിലും യു. എ.യിലും സന്ദര്‍ശം നടത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഡ്രോണ്‍ ആക്രമണത്തെ ‘യുദ്ധപ്രഖ്യാപനം’ എന്ന് വിളിച്ചപ്പോഴും അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ യു.എ.ഇയും പൂര്‍ണ്ണ സമ്മതത്തോടെ സൗദിയും തയ്യാറാകുന്നില്ല. അമേരിക്കയുടെ പ്രകോപനങ്ങള്‍ തുറന്ന യുദ്ധത്തിലേക്ക് തിരിയുന്നില്ലെങ്കില്‍ അതിന്റെ തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവരുന്നത് ഇറാന്റെ അയല്‍ രാജ്യങ്ങളായ തങ്ങളാണെന്നകാര്യം അവര്‍ ചൂണ്ടിക്കാണിക്കുകയും ഇതിനു നയതന്ത്ര പരമായ ഇടപെടലുകളുടെ സാധ്യത ആരായുകയും ചെയ്യുന്നു. അമേരിക്കന്‍ സഹായമില്ലാതെ ഇറാനുമായി എന്തിനു സഹകരിക്കണം എന്ന ചിന്തയും ചിലര്‍ പങ്കുവെക്കുന്നു. ഇനിയും സംഭവവിച്ചേക്കാവുന്ന ഏതൊരു യുദ്ധത്തിലും അമേരിക്കയെ സഹായിക്കുന്ന ഗള്‍ഫിലെ നഗരങ്ങളായിരിക്കും ഇറാന്റെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കുക.

Test User: