പി.എം.എ സമീര്‍
മഹാമാരികളും പ്രളയങ്ങളും വിതച്ച ആഘാതങ്ങളില്‍ നിന്ന് മുക്തമാകാന്‍ ജനങ്ങളെ ഇനിയും അനുവദിക്കില്ലെന്ന വാശിയിലാണ് കേരള സര്‍ക്കാര്‍. കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച യാഥാര്‍ത്ഥ്യ ബോധ്യം തീരെയില്ലാത്ത പുതിയ ബജറ്റ് ജനങ്ങളുടെ നട്ടെല്ലൊടിക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ളതാണ്. ഫ്യുഡല്‍ കാലത്തെ ചുങ്കം പിരിവിനെ തോല്‍പ്പിക്കുന്ന തരത്തിലാണ് പുതിയ നികുതി നിര്‍ദേശങ്ങള്‍. മന്ത്രി മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കുടുംബസമേതം വിദേശവിനോദ യാത്രകള്‍ നടത്താനും തിരുകികയറ്റിയ ഉദ്യോഗസ്ഥവൃന്ദത്തിന് കോടികള്‍ വേതനയിനത്തില്‍ വകയിരുത്താനും ഭരണകൂട ആറാട്ടുകള്‍ക്കും ജനങ്ങള്‍ നടുവൊടിഞ്ഞ് ജോലിചെയ്ത് ചുങ്കം നല്‍കണമെന്ന തിട്ടൂരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റെന്നത് കേവലം വരവ് ചിലവ് കണക്കല്ല. ഒരു ജനാധിപത്യ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിതരേഖകള്‍ അതില്‍ പിണഞ്ഞു കിടക്കുന്നുണ്ട്. തൊഴിലാളി സ്‌നേഹവും കര്‍ഷക സമൂഹത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന കപട ഇടതുപക്ഷത്തിന് അത് മനസ്സിലാവണമെന്നില്ല.
സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ ബാലഗോപാലിനെ ആരെങ്കിലും പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിലക്കയറ്റം തടയാന്‍ രണ്ടായിരം കോടി ബജറ്റില്‍ വകയിരുത്തി. അതിനുള്ള പണം ജനങ്ങളില്‍ നികുതി ചുമത്തി വിലകയറ്റമുണ്ടാക്കി പിരിച്ചെടുക്കും!. എത്ര മനോഹരമായ ആശയം. എന്നിട്ട് പിരിച്ചു കിട്ടാന്‍ പോകുന്നതോ രണ്ടായിരത്തി എണ്ണൂറ്റി അമ്പത് കോടി രൂപ. വല്ലാത്തൊരു സാമ്പത്തിക ആസൂത്രണം തന്നെ.
കേരളമൊരു കാര്‍ഷിക സംസ്ഥാനമല്ലാതായിട്ട് പതിറ്റാണ്ടുകളായി. അധികാരത്തില്‍ വരാന്‍ ഇടതുപക്ഷമൊഴുക്കുന്ന മുതലകണ്ണീരില്‍ കൃഷി വിളയിക്കാന്‍ കഴിയില്ലല്ലോ. പാര്‍ട്ടിയിലെ വെട്ടിനിരത്തലിനു വേണ്ടി കര്‍ഷകഭൂമിയില്‍ കൂമ്പ്മുളച്ച വാഴതൈകള്‍ കൈയറപില്ലാതെ വെട്ടിനിരത്തിയ ചരിത്രമുള്ള ‘കര്‍ഷക സഖാകള്‍ക്ക്’ ചെളിപുരണ്ട സാധാരണക്കാരന്റെ ജീവിതം വോട്ടിനു വേണ്ടി മാത്രമുള്ളതാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ചരക്ക് സേവന മാര്‍ഗങ്ങളിലൂടെയാണ് നമ്മളിലേക്ക് എത്തിച്ചേരുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന ഭക്ഷ്യവിലയെ എവിടെയെത്തിക്കുമെന്ന് കണ്ടുതന്നെ അറിയണം. തീവിലയില്‍ പൊള്ളി നില്‍ക്കുന്ന ഒരു ജനതയോട് ഈ ക്രൂരത ചെയ്യാന്‍ കുറച്ചൊന്നും ഇരട്ടചങ്കുറപ്പ് പോര. പൊതുഗതാതം ജനങ്ങള്‍ക്ക് വേണ്ടി മെച്ചപ്പെട്ടിട്ടില്ലാത്ത ഒരു നാട്ടില്‍ ബസ്ചാര്‍ജ് വര്‍ദ്ധന, ഓട്ടോകൂലി വര്‍ദ്ധന, കാര്‍ ബൈക്ക് യാത്രികരുടെ ബജറ്റ് താളം തെറ്റല്‍, നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനവ് തുടങ്ങി മുതുകില്‍ അമിത ഭാരത്തിന്റെ കലപ്പകള്‍ പേറാന്‍ ജനങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു. കോവിഡാനന്തരം വിപണിയില്‍ മനുഷ്യര്‍ ആയാസപെട്ട് കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമാണിത്. ഒന്നര വര്‍ഷത്തോളം വീടുകളിലും ഗാരേജുകളിലും നിശ്ചലമായി കിടന്ന വാഹനങ്ങളെ ലക്ഷങ്ങള്‍ കടം വാങ്ങി പുതുക്കി പണിത് സേവനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി ഒന്ന് ചലിച്ച് തുടങ്ങിയതേയുള്ളൂ. ഒന്നിന് പുറകെ ഒന്നായി സര്‍ക്കാര്‍ അവരെ വരിഞ്ഞ് മുറുക്കാന്‍ തുടങ്ങി. ഇന്ധന വിലവര്‍ദ്ധനവോടെ വീണ്ടും ഈ മനുഷ്യരുടെ ഭാവിയില്‍ ഇരുള്‍ പരക്കുകയാണ്. കിട്ടി തുടങ്ങിയ സര്‍വീസുകള്‍ കുറയുമ്പോള്‍ ലോണുകള്‍ തിരച്ചടച്ചും നിത്യചിലവുകള്‍ നിറവേറിയും ഈ മനുഷ്യര്‍ എങ്ങനെ മുന്നോട്ട് പോകും ?.
കേരളമുണ്ടായതിന് ശേഷമുള്ള ഏറ്റവും ഭാവനാ ശൂന്യമായ ബജറ്റാണിത്. വിപണി ചലിപ്പിക്കാന്‍ ഈ ബജറ്റില്‍ എന്തെങ്കിലും ഒരു നിര്‍ദേശം മഷിയിട്ട് നോക്കിയാല്‍ കാണാനാവില്ല. ചലിക്കാത്ത വിപണിയും കീശകാലിയായ ജനതയുമാണ് ബജറ്റ് മുഴുവന്‍ നോക്കിയാല്‍ ബാക്കിയാവുക. സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ വിസ്മരിച്ച കൊടൂര ബജറ്റാണിതെന്ന് നിസ്സംശയം പറയാനാവും. മുക്കാല്‍ കോടി മനുഷ്യര്‍ നിത്യവരുമാനമില്ലാത്തവരും സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്നതുമായ സംസ്ഥാനമാണിത്. അവരെ ആശ്രയിച്ചു ജീവിക്കുന്നവരും കൂടിയാവുമ്പോള്‍ 2 കോടിയിലധികം മനുഷ്യര്‍ ഇവിടെ നിത്യവരുമാനമില്ലാത്തവരാണ്. അവര്‍ക്ക് ക്ഷാമബത്തകളില്ല. അത് സര്‍ക്കാര്‍ സ്ഥിരവരുമാനക്കാര്‍ക്ക് മാത്രമേ ഉള്ളൂ. പാതിരാക്ക് കടലില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്കും പുലര്‍ച്ചെ പാതിതുറന്ന കണ്ണുമായി കടപ്പുറത്ത് നിന്ന് മീന്‍ വാങ്ങി കൊണ്ടുവന്നു ചില്ലറ കച്ചവടം നടത്തി കുടുംബം പുലര്‍ത്തുന്നവര്‍ക്കും ഇന്ധന വില വര്‍ദ്ധനവ് അവരുടെ വഴറ്റുപിഴപ്പിനെയാണ് ബാധിക്കുക. അവരുടെ ബോട്ടിലും മീന്‍വണ്ടിയിലും നിറക്കേണ്ട ഇന്ധനത്തിന് തീവിലയാക്കിയാല്‍ മീന്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരും. കച്ചവടം കുറയും. വരുമാനം കുറയും. ഇങ്ങനെ ഓരോ മേഖലയും പരിശോധിച്ചാല്‍ മതി.
ഭരണച്ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങള്‍ ഗൗരവൂര്‍വ്വം പരിഗണിക്കാന്‍ സര്‍ക്കാര്‍ ചുമതലയേറ്റ ദിവസം മുതല്‍ ഇവിടെ ആവശ്യം ഉയരുന്നുണ്ട്. സമാനസ്വഭാവത്തിലുള്ള കോര്‍പ്പറേഷനുകളും ബോഡുകളും ലയിപ്പിക്കുകയോ അനാവശ്യമായ ചില ബോഡുകള്‍ പിരിച്ചുവിടുകയോ ചെയ്യാവുന്നതല്ലേ. അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടി എന്നാണല്ലോ പത്രസമ്മേളനങ്ങള്‍ വിളിച്ച് ന്യായീകരിക്കാറുള്ളത്. ഇത്ര കടുത്ത സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോള്‍ മന്ത്രിമാരുടെ എണ്ണം കുറയ്ക്കുക എന്ന തികച്ചും സാധാരണമായ നടപടികളെങ്കിലും സ്വീകരിച്ചു കൂടെ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അല്ലെങ്കിലും എല്ലാ വകുപ്പുകളും മുഖ്യമന്ത്രി ഒറ്റക്ക് കൈകാര്യം ചെയ്യുന്ന സ്ഥിതിക്ക് ആ ചോദ്യം പ്രസക്തവുമാണ്. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നത് പോയിട്ട് ക്യാബിനറ്റ് പദവികള്‍ വാരിക്കോരി നല്‍കി പല താപ്പാനകളേയും പൊതുഖജനാവിലെ പണമുപയോഗിച്ച് തീറ്റിപോറ്റുന്നതെങ്കിലും നിര്‍ത്തേണ്ടതല്ലേ. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസമാണ് ഡല്‍ഹിയില്‍ അത്തരമൊരു താപ്പാനയെ ക്യാബിനറ്റ് പദവിയെന്ന നെറ്റിപ്പട്ടം ചാര്‍ത്തി നടക്കിരുത്തിയത്. അത്തരം ‘അസാധാരണമായ’ നടപടികള്‍ അനുസ്യൂതം തുടരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കടമെടുപ്പ് അതിന്റെ എല്ലാ പരിധികളും ലംഘിച്ചാണ് നടത്തിയിട്ടുള്ളത്. ഇപ്പോള്‍ കേന്ദ്രം മൂക്കുകയറിടാന്‍ ശ്രമിക്കുന്നു. സംസ്ഥാനം 100 രൂപ കടമെടുക്കുമ്പോള്‍ അതില്‍ 20 രൂപ അടക്കുന്നത് പഴയ കടത്തിന്റെ പലിശ തീര്‍ക്കാനാണ്. അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അമ്പതിനായിരം കോടി രൂപ കടമെടുക്കുന്നു എന്നാണ്. എന്നിട്ട് പദ്ധതികള്‍ നടപ്പിലാക്കാനല്ല ശ്രമിച്ചത്. ദൈനംദിന ആവശ്യങ്ങള്‍ക്കും കുടിശിക തീര്‍ക്കാനും ഈ പണം വിനിയോഗിച്ചു. കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും ഭരണ ധൂര്‍ത്തിന് ഒരു കുറവും വരുത്തിയില്ല. ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അര്‍ഹരായ മനുഷ്യരുടെയും സ്ഥാപനങ്ങളുടെയും അനുവദിക്കപെട്ട ഫണ്ടുകള്‍ തടഞ്ഞു വെക്കുന്നു. അതേസമയം ക്ലിഫ് ഹൌസില്‍ ലക്ഷങ്ങള്‍ ചിലവിട്ട് അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നു. 25 ലക്ഷം മുടക്കിയാണ് കഴിഞ്ഞ മാസം ലിഫ്റ്റ് സ്ഥാപിച്ചത്. സി എ ജിയുടെ കഴിഞ്ഞ റിപ്പോര്‍ട്ട് പ്രകാരം കി എഫ് ബി അടക്കമുള്ള 36 പൊതുമേഖല സ്ഥാപനങ്ങള്‍ കേരള ജനതക്ക് ഉണ്ടാക്കിയ കടബാധ്യത 31800 കോടി രൂപയാണ്. പുതിയ റിപ്പോര്‍ട്ട് വരാനിരിക്കുന്നേയുള്ളൂ. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ നമ്മുടെ പൊതുകടം 4 ലക്ഷം കോടിയിലേക്ക് കുതിക്കും. ഒന്നും രണ്ടും പിണറായി സര്‍കാരുകളുടെ വഴിവിട്ട പോക്കിന് സാധാരണ ജനങ്ങളുടെ കണ്ണീരുപ്പ് കലര്‍ന്ന പണംകൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി. മനുഷ്യരുടെ ആധിയും വറുതിയും പെരുകുകയാണ്. സാധാരണക്കാരന്റെ നെഞ്ചില്‍ തീ നിറക്കുന്ന ഒരു സര്‍ക്കാര്‍ ‘മേക്കിങ് കേരള’ എന്ന് വീമ്പുപറയുന്നത് ആരെ കേള്‍പ്പിക്കാനാണ്. ഈ മനുഷ്യരെ പിഴിഞ്ഞ് പിരിക്കുന്ന നികുതി പണത്തില്‍ സാമൂഹ്യക്ഷേമ സിദ്ധാന്തം പറയാന്‍ ചില്ലറ വിവരക്കേട് പോര. ജനങ്ങളുടെ ഉപജീവനം അവതാളത്തിലാക്കി കടത്തില്‍ മുങ്ങി നിര്‍മ്മിച്ചെടുക്കുന്ന കേരളം ‘സിങ്കിങ്ങ് കേരള’ അഥവാ മുങ്ങുന്ന കേരളം എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും.
ബജറ്റിനു ശേഷം നാട്ടിലിപ്പോള്‍ ഒരു തമാശ പ്രചാരത്തിലുണ്ട്. ‘ എണ്ണ വില കുറക്കും എന്ന് പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാ പിന്നെ ഇലക്ടിക്ക് വാഹനം വാങ്ങാം എന്ന് വച്ചാല്‍ അതിന്റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറന്റ് ചാര്‍ജ്ജും കൂട്ടി. വീട്ടില്‍ വെറുതെ ഇരിക്കാം എന്ന് വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി. വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നുവച്ചാല്‍ അടച്ചിട്ട വീടിന് പ്രത്യക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാല്‍ ന്യായവില 20 ശതമാനം കൂട്ടി. ഇതെക്കെ മറക്കാന്‍ രണ്ടണ്ണം അടിക്കാമെന്ന് വച്ചാലെ അതിനും കൂട്ടി ‘. വറുതി കാലത്ത് ജനങ്ങള്‍ പറയുന്ന തമാശകളിലെ രാഷ്ട്രീയം ഭരണകൂടം തിരിച്ചറിഞ്ഞാല്‍ നന്ന്. ഇല്ലെങ്കില്‍ എല്ലാത്തിനും ഒരറുതിയുണ്ടാക്കാന്‍ കത്തുന്ന പ്രതിഷേധങ്ങള്‍ കാത്തിരുന്നോളൂ.