കോഴിക്കോട് : സിപിഎം നേതാവ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനമില്ല. 16 ഡിപ്പാര്‍ട്ടുമെന്റുകളിലേക്കുള്ള നിയമനങ്ങള്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇതില്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ പേരില്ല. 43 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത, ഷംസീറിന്റെ ഭാര്യ പി എം ഷഹല അന്തിമ ലിസ്റ്റില്‍ ഇടംനേടിയിരുന്നു. അനധികൃത നിയമനമാണെന്നും, അഭിമുഖത്തില്‍ അപാകത ആരോപിച്ചും ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ എസ്എഫ്‌ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളി ഒന്നാമതെത്തിയിരുന്നു. ഷംസീറിന്റെ ഭാര്യ ഷഹല മൂന്നാമതുമായിരുന്നു.
ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നിയമനം അനധികൃതമെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി. ഒന്നാം റാങ്കുകാരിയായ ഡോ. എം പി ബിന്ദുവിനെ മറികടന്നാണ് ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്.