കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കുടുംബത്തോടെ ഒരാഴ്ച്ച മുമ്പ് ഷംസീര്‍ എം.എല്‍.എ പറഞ്ഞത് ഇങ്ങനെയായിരുന്നു.’ കേസില്‍ സി.ബി.ഐ ഒന്നും വരാന്‍ പോകുന്നില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ ശുഹൈബിന്റെ സഹോദരി ശര്‍മിളയോടായിരുന്നു ഷംസീറിന്റെ പ്രതികരണമുണ്ടായത്. എന്നാല്‍ ഒരാഴ്ച്ചക്കുശേഷം ഇന്ന് ഹൈക്കോടതി വിധി വന്നിരിക്കുന്നത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ്. ശുഹൈബ് വധക്കേസില്‍ കേരളസര്‍ക്കാരിന് തിരിച്ചടിയാവുകയായിരുന്നു ഹൈക്കോടതി വിധി. കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്? സി.പി.എമ്മിന്റെ ഒരു നേതാവുപോലും തങ്ങളെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയിട്ടില്ലെന്ന് ശര്‍മ്മിള പറഞ്ഞപ്പോഴും ഷംസീര്‍ സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. ശുഹൈബ് കൊല്ലപ്പെട്ട് 22 ദിവസങ്ങള്‍ക്കു ശേഷമാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിക്കുന്നത്.
ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം നേതാക്കള്‍ പിന്നീട് രംഗത്തെത്തി. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് പി.ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശുഹൈബ് വധം നടന്ന സമയത്തുതന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഭയമില്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശുഹൈബ് വധം അപലപനീയമാണെന്ന് നേരത്തെ പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നതിന്റെ ശ്രദ്ധ തിരിക്കാനാണ് സി.ബി.ഐ അന്വേഷണമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.