പോര്‍ബന്ദര്‍: ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേറ്റ നിലയില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമയ്ക്ക് മരുന്നെന്ന് പറഞ്ഞ് ഒരു നാട്ടുവൈദ്യനാണ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പോര്‍ബന്ദറിലാണ് സംഭവം.
കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയിലാണ് വ്യാജവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടില്‍ വച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നല്‍കിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ്ഭട്ടായി എന്ന വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്റെ വയറിലും നെഞ്ചത്തും വച്ചത്. കുഞ്ഞിന്റെ നില വഷളായതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ പിതാവ് നല്‍കിയ പരാതിയനുസരിച്ച് അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശ്വാസതടസ്സമടക്കമുള്ള പ്രശ്‌നങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍ ജയ് ബദിയാനി പറഞ്ഞു.