X

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോ​ഗത്തിൽ അജിത്കുമാർ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്. അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വന്‍ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ എഡിജിപി തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

webdesk14: