X

ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയെ എമിഗ്രേഷന്‍ നിഷേധിച്ച് നാടുകടത്തി

കര്‍ണാടക സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ കവിയും യു.കെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രഫസറുമായ നിതാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന്, 24 മണിക്കൂറിന് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചു.

ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും വിമര്‍ശകയാണ് പ്രൊഫസര്‍ നിതാഷ കൗള്‍. ഇക്കാരണത്താലാണ് ഇവരെ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

ബെംഗളൂരുവില്‍ ‘ഭരണഘടനയും ദേശീയ ഐക്യവും’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായി സാമൂഹിക ക്ഷേമ വകുപ്പിന്റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു പ്രഫ. നിതാഷ കൗള്‍. ഫെബ്രുവരി 23നാണ് ഇവര്‍ ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എന്നാല്‍, ഇമിഗ്രേഷന്‍ അധികൃതര്‍ വിമാനത്താവളത്തിന് പുറത്തുവിടാതെ തടഞ്ഞുവെക്കുകയായിരുന്നു.

തന്നെ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകളും ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചിട്ടും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. 12 മണിക്കൂറെടുത്താണ് ലണ്ടനില്‍ നിന്ന് ബംഗളൂരുവിലെത്തിയത്. 24 മണിക്കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

മുഴുവന്‍ സമയവും സിസിടിവി നിരീക്ഷണത്തിലായിരുന്നു. മതിയായ ഭക്ഷണമോ വെള്ളമോ ലഭിക്കുമായിരുന്നില്ല. ഒരു പുതപ്പിനും തലയണക്കും വേണ്ടി എത്രയോ തവണ ചോദിച്ചിട്ടും തന്നില്ല. 24 മണിക്കൂറിന് ശേഷമായിരുന്നു തിരികെ വിമാനം. 12 മണിക്കൂര്‍ പിന്നെയും യാത്രചെയ്തു തിരികെ ലണ്ടനിലെത്താന്‍ -പ്രഫ. നിതാഷ കൗള്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

എന്തിനാണ് തടഞ്ഞുവെച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരവും അധികൃതര്‍ നല്‍കിയില്ലെന്നും ‘ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശമാണ്’ എന്നാണ് പറഞ്ഞതെന്നും നിതാഷ കൗള്‍ പറഞ്ഞു.

ആര്‍.എസ്.എസിനെ കുറിച്ച് താന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥര്‍ സംസാരത്തിനിടെ സൂചിപ്പിച്ചു. ഹിന്ദുത്വവാദികള്‍ വര്‍ഷങ്ങളായി തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും വിലക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫ. നിതാഷ കൗള്‍ പറഞ്ഞു.

എന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പൊലീസിനെ അയച്ചിട്ടുണ്ട്. ഈ ഭീഷണികളെയെല്ലാം ഞാന്‍ നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്തത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ വിലക്കുളള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നതെന്നും അവര്‍ ചോദിച്ചു.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നിതാഷ കൗള്‍ ജനിച്ചത്. 21ാം വയസുമുതല്‍ ഇംഗ്ലണ്ടിലായിരുന്നു പഠനവും ഗവേഷണവും. ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സിലും പൊളിറ്റിക്കല്‍ എക്കണോമിയിലും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്.

ആദ്യ നോവലായ ‘റെസിഡ്യൂ’ 2009ലെ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ് ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റിയ ശേഷം കശ്മീരികള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് യു.എസ് വിദേശകാര്യ മന്ത്രാലയം കമ്മിറ്റിയില്‍ മുഖ്യ സാക്ഷിയായി സംസാരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

 

webdesk13: