X

മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകള്‍

കോഴിക്കോട് കാട്ടിലപ്പീടികയില്‍ എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപയുമായി കാറില്‍ വന്ന യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്‍ന്നെന്ന പരാതിയില്‍ രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്‌ഐആര്‍. എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവര്‍ന്നു എന്നാണ് യുവാവിന്റെ പരാതി.

കഴിഞ്ഞ ദിവസം എടിഎം കൗണ്ടറുകളില്‍ പണം നിറക്കാന്‍ പോകുന്നതിനിടെ കാട്ടിലപ്പീടികയില്‍ വെച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി കെട്ടിയിട്ട ശേഷം സംഘം പണം കവരുകയായിരുന്നു. നഷ്ടപ്പെട്ടത് 25 ലക്ഷം രൂപ ആണെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും 72,40,000 രൂപ നഷ്ടപ്പെട്ടു എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

പ്രാഥമിക അന്വേഷണത്തിനു ശേഷം പയ്യോളി സ്വദേശി സുഹൈലിന്റെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്രയ്ക്കിടെ പര്‍ദ്ദ ധരിച്ച രണ്ടുപേരില്‍ ഒരാള്‍ വണ്ടിയുടെ മുന്നിലേക്ക് വീണുവെന്നും വാഹനം നിര്‍ത്തിയപ്പോള്‍ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഫോറന്‍സിക് സംഘവും വിരല്‍ അടയാള വിദഗ്ധരും പണം തട്ടിയ സ്ഥലത്തും യുവാവിനെ ഉപേക്ഷിച്ച സ്ഥലത്തും പരിശോധന നടത്തി. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കേസിലെ ദുരൂഹത കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

 

webdesk17: