മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം നടപടികള്‍.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ വെച്ചു നടന്ന പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സിക്കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു മരിച്ച അസ്മയുടേത്. അതേസമയം ജനിച്ച കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ യുവതി മരിച്ച ശേഷം സിറാജുദ്ദീന്‍ ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് കുട്ടികളുമായി ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. രാത്രി 12 മണിക്കാണ് യുവതി മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.