X

സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍നിന്നും നാല് കോടി തട്ടിയ സംഭവം; പ്രതികളെ രാജസ്ഥാനില്‍നിന്നും പിടികൂടി

സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയില്‍നിന്നും 4.08 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ രാജസ്ഥാനില്‍നിന്നും കോഴിക്കോട് സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മുഖ്യ പ്രതി സുനില്‍ ദംഗി (48), കൂട്ടുപ്രതി ശീതള്‍ കുമാര്‍ മേത്ത (28) എന്നിവരാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെ പലപ്പോഴായാണ് പണം തട്ടിയത്.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടെന്നും കുടുംബം കടത്തിലാണെന്നും പറഞ്ഞാണ് പ്രതികള്‍ സഹായമഭ്യര്‍ഥിച്ചത്. തെളിവുനുവേണ്ടി വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ചുകൊണ്ടാണ് പ്രതികള്‍ പണം തട്ടിയത്. വാങ്ങിയെടുത്ത പണം തിരികെ നല്‍കാനായി പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ കുടുംബ സ്വത്ത് വിറ്റ് തിരികെ നല്‍കാമെന്നാണ് പ്രതികള്‍ പറഞ്ഞത്.

സ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടായെന്നു പറഞ്ഞാണ് പിന്നീട് ഫോണ്‍ കാള്‍ വന്നത്. ആത്മഹത്യയും കൊലപാതകവും ഉള്‍പ്പെടെ നടന്നുവെന്നും പരാതിക്കാരന്‍ ഉള്‍പ്പെടെ കേസിലെ പ്രതിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിളിച്ചയാള്‍ പറഞ്ഞു. കേസില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കോടികള്‍ തട്ടിയത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും അന്വേഷണ സംഘം കണ്ടെടുത്തു. പരാതിക്കാരനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ്കളുടെയും ബാങ്ക് ഇടപാടുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.

 

webdesk17: