X

സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്. കട്ടപ്പന മുന്‍ സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്‌.

പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് തന്നെ ആക്രമിച്ചെന്ന് മരിച്ച സാബു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യമെന്തെന്ന് സജി ചോദിക്കുന്നുണ്ട്. നിങ്ങള്‍ വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും സജി പിന്നീട് സാബുവിനോട് പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങള്‍ക്ക് പണി അറിയത്തില്ലാഞ്ഞിട്ടാണ് എന്നും പണി മനസ്സിലാക്കി തരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ല എന്നും സജി പറയുന്നുണ്ട്.

കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

webdesk18: