X

ന്യൂസിലാന്റ് ഭീകരാക്രമണത്തില്‍; ഇന്ത്യക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂസിലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചെന്ന് സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ കാണാതായ ആറുപേരുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

നിലവില്‍ റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍ ഗാന്ധി. അക്രമത്തെ അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂസിലന്‍ഡിലുണ്ടായ വെടിവെപ്പ് ഭീകരവാദത്തിന്റെ നികൃഷ്ടമായ പ്രവൃത്തിയാണ്. ഇത് അപലപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിന്റെ നിലനില്‍പ് തന്നെ പരസ്പരം മനസിലാക്കലിലും സഹാനുഭൂതിയിലുമാണ്. അല്ലാതെ മതഭ്രാന്തിലും വെറുപ്പിലുമല്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

chandrika: