X

മാനവരാശിക്കാകെ മാതൃകയായ ജീവിതം

ദാരിമി ഇ കെ കാവനൂര്‍

മനുഷ്യസമൂഹത്തിന്റെ ചരിത്രത്തില്‍ മുഹമ്മദ് നബിയെപോലെ സ്വാധീനംചെലുത്തിയ മറ്റൊരു മനുഷ്യനുമുണ്ടാവില്ല. അതുകൊണ്ടാണ് ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ വിശ്വപ്രശസ്തനായ മൈക്കിള്‍ എച്ച് ഹര്‍ട്ട് അതില്‍ ഒന്നാം സ്ഥാനം മുഹമ്മദ്‌നബിക്കു നല്‍കിയത്. നബി ഒരിതിഹാസ പുരുഷനല്ല. മിത്തല്ല. നൂറു ശതമാനവും ചരിത്രത്തിന്റെ പ്രകാശധാരയില്‍ ജീവിച്ച പുണ്യ പുരുഷ്യനായിരുന്നു. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പ്രവാചകന്റെ മാതൃകയുണ്ട്. പ്രവാചക പത്‌നിയായ ആയിശ (റ) യോട് നബിയുടെ ജീവിതത്തെകുറിച്ച് ചോദിച്ചപ്പോള്‍ ആയിശ (റ )യുടെ മറുപടി നബിയുടെ ജീവിതം ഖുര്‍ആന്‍ ആണ് എന്നായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ജീവിതത്തിന്റെ കടഞ്ഞെടുത്ത പ്രതീകമായിരുന്നു മുഹമ്മദ് നബി (സ). കേവലമൊരു പ്രബോധകന്‍ മാത്രമായിരുന്നില്ല. പ്രബോധനംചെയ്ത കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ പുണ്യ വ്യക്തിത്വമായിരുന്നു. അവ പ്രായോഗികവും നിത്യ പ്രസക്തവുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. നബി വീട്ടില്‍ സ്‌നേഹ നിധിയായ കുടുംബ നായകനായിരുന്നു. നല്ല ഭര്‍ത്താവായിരുന്നു. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വാത്സല്യനിധിയായ പിതാവും പിതാമഹനുമായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയ നബി നീതിമാനായ ന്യായാധിപനും നല്ല ഭരണാധികാരിയുമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും നബി മനുഷ്യര്‍ക്ക് മാതൃകയായി. മുസ്‌ലിംകള്‍മാത്രമുള്ള സമൂഹത്തില്‍ അല്ല നബി ജീവിച്ചത്. പ്രവാചകന്‍ മക്കയിലെ പീഡനങ്ങളില്‍നിന്ന് മുക്തനായി മദീനയില്‍ ചെന്നപ്പോള്‍ മദീനയിലെ മുഴുവന്‍ വിഭാഗങ്ങളുടെയും നേതാവായി മാറി. ജൂതന്മാരും ക്രിസ്ത്യാനികളും അടങ്ങിയ സമൂഹവുമായി നബി ഉണ്ടാക്കിയ കരാര്‍ ഇന്ത്യയെ പോലുള്ള വിവിധ മതങ്ങളും സമൂഹങ്ങളും ഒന്നിച്ചുജീവിക്കുന്ന ജനങ്ങള്‍ക്ക് മാതൃകയാണ്. മറ്റുള്ളവരെ ശത്രുക്കളായല്ല നബി കണ്ടത്. മുസ്‌ലിക ങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെടാത്ത ഏതു മതക്കാരും വിഭാഗക്കാരുമായും നബി (സ) സൗഹൃദത്തിലും സ്‌നേഹത്തിലുമാണ് വര്‍ത്തിച്ചത്.

നബി (സ) മരിക്കുമ്പോള്‍ പ്രവാചകന്റെ വാള്‍ ഒരു യഹൂദന്റെ വശം പണയം വെച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. മദീനയിലെ പള്ളിയില്‍ തന്റെ അതിഥികളായി എത്തിയ നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്ക് നബി (സ) പ്രാര്‍ത്ഥനക്ക് പോലും അവസരമുണ്ടാക്കികൊടുത്തു. ജൂതന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ നബി (സ) എഴുന്നേറ്റു നിന്നപ്പോള്‍ അതൊരു ജൂതന്റ ശവമാണ് എന്ന് ആരോ നബിയെ ഉണര്‍ത്തി. ‘എന്താണ് ജൂതന്‍ മനുഷ്യനല്ലേ’ എന്നായിരുന്നു നബി (സ) തിരിച്ചുചോദിച്ചത്. മക്കാ വിജയം ഉണ്ടായപ്പോള്‍ വിജയശ്രീലാളിതനായ പ്രവാചകന്‍ തന്നെ കഠിനമായി ഉപദ്രവിക്കുകയും നാട്ടില്‍നിന്ന് ഓടിക്കുകയും ചെയ്ത കൊടും ശത്രുക്കള്‍ക്കുപോലും മാപ്പുനല്‍കി. തനിക്ക് ശത്രുക്കളില്‍ നിന്ന് സംരക്ഷണം നല്‍കിയ പ്രിയ പിതൃവ്യനെ വധിച്ച വഹ്ശിയും പിതൃവ്യന്റെ കരള്‍ ചവച്ചുതുപ്പിയ ഹിന്ദും അക്കൂട്ടത്തിലുണ്ടായിരുന്നു. നബി നടന്നു പോകുമ്പോള്‍ തലയില്‍ മണ്ണുവാരിയിടുക പതിവാക്കിയ സ്ത്രീ ഉണ്ടായിരുന്നു. അവള്‍ രോഗിയായി കിടക്കുമ്പോള്‍ രോഗശയ്യക്കരികില്‍ എത്തിയ നബി അവരുടെ രോഗശാന്തിക്ക് പ്രാര്‍ഥിച്ചു.

ചരിത്രത്തില്‍ തുല്യതയില്ലാത്ത കാരുണ്യത്തിന്റെ കേദാരമായിരുന്നു നബി. ആ കാരുണ്യം മനുഷ്യരോട് മാത്രമായിരുന്നില്ല. മൃഗങ്ങളോട്‌പോലും പ്രവാചകന്‍ കാരുണ്യം കാട്ടി. വിശന്നു വലയുന്ന ഒട്ടകത്തെ കണ്ടപ്പോള്‍ അതിനെ പട്ടിണിക്കിട്ട ഉടമയെ ശാസിക്കുകയുണ്ടായി. വൃക്ഷലതാദികള്‍ നശിപ്പിക്കാന്‍ യുദ്ധവേളയില്‍ പോലും നബി അനുവദിച്ചില്ല. യുദ്ധ സന്ദര്‍ഭങ്ങളില്‍പോലും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും പ്രാര്‍ഥനയില്‍ മുഴുകിയവരെ ഉപദ്രവിക്കുകയും ചെയ്യരുതെന്ന് പ്രവാചകന്‍ ഉപദേശിച്ചിരുന്നു. യുദ്ധത്തില്‍ പോലും ആരുടേയും ആ രാധനാലയങ്ങള്‍ ആക്രമിക്കുകയോ പ്രാര്‍ഥനയില്‍ മുഴുകിയവരെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് നബി കല്‍പ്പിച്ചു. മരണശേഷം ഈജിപ്തിലെ സൈനികന്റെ കയ്യാല്‍ ക്രൈസ്തവ ക്ഷേത്രത്തിലെ പ്രതിമയുടെ മൂക്ക് തകര്‍ക്കപ്പെട്ടപ്പോള്‍ ഗവര്‍ണറായ തന്റെ മൂക്ക് നല്‍കാന്‍ സന്നദ്ധനായ അംറുബ്‌നുല്‍ ആസിയെ പോലുള്ളവരെ സൃഷ്ടിച്ചത് നബിയും അനുചരന്‍മാരും വളര്‍ത്തിയെടുത്ത സഹിഷ്ണുതയുടെ ആ സംസ്‌കാരമായിരുന്നു. നബിയുടെ പള്ളിയില്‍ മൂത്രമൊഴിച്ച നാടന്‍ അറബിയെ ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞ പ്രവാചകന്‍ നബിയുടെ അതിഥിയായി എത്തിയ യഹൂദന്‍ മലമൂത്ര വിസര്‍ജനം നടത്തി തിരിച്ചുപോയപ്പോള്‍ സ്വന്തം കൈ കൊണ്ട് കഴുകി ശുദ്ധിയാക്കുന്ന നബിയെയാണ്, അയാള്‍ താന്‍ മറന്നുപോയ വാളെടുക്കാന്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത്. ഇത്രയും ഉദാരതയും മനുഷ്യസ്‌നേഹവും വേറെ എവിടെയാണ് കാണാന്‍ കഴിയുക? യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ശത്രുക്കളെ അക്ഷരം പഠിപ്പിക്കുക എന്ന വ്യവസ്ഥയില്‍ വിട്ടയച്ച അക്ഷര സ്‌നേഹിയെ ചരിത്രത്തില്‍ മറ്റെവിടെ കണ്ടെത്താന്‍ കഴിയും?

പൊതു ജീവിതം മാത്രമല്ല വ്യക്തിജീവിതവും പളുങ്കുപാത്രം പോലെ സുതാര്യമായിരുന്നു. ആ ജീവിതത്തിലെ ഓരോ ബിന്ദുവും ചരിത്രത്തിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്നു. ആ ജീവിതത്തിലെ ഓരോ ചലനങ്ങള്‍ക്കും രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. ലോകത്ത് ഒരു മതപ്രവാചകനും മഹാത്മാവിനും പുണ്യാത്മാവിനും ഇതുപോലെ രേഖപ്പെടുത്തപ്പെട്ട ചരിത്രമില്ല എന്ന് തന്നെയാണ് ചരിത്രത്തില്‍ നബിക്കുള്ള സ്ഥാനം. ഒരിക്കല്‍ പോലും എന്തെങ്കിലും തരത്തില്‍ താന്‍ തന്റെ കൂട്ടുകാരേക്കാള്‍ ഉത്തമനും ഉന്നതനുമാണെന്ന് ഗണിക്കുകയോ ആ നിലയില്‍ സ്വന്തത്തെ പ്രതിഷ്ഠിക്കുകയോ ചെയ്തിരുന്നില്ല. അവിടുന്ന് അപ്രകാരം ചെയ്തിരുന്നെങ്കില്‍ അത് ഒട്ടും അനുചിതമല്ല. കാരണം നബിയേക്കാള്‍ ഉത്തമന്‍ ആരാണുള്ളത്? നബിയുടെ ശരീരം ദിവ്യവെളിപാടിന്റെ സ്വീകരണീയുമാണ്. പക്ഷേ, നബി എപ്പോഴും വിനയാന്വിതനായിരുന്നു. അനുയായികളുടെ കൂടെ അവരിലൊരാളായി ജീവിച്ചു. അവരെപ്പോലെ ഇരിക്കുകയും യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ സ്വന്തത്തെ വ്യതിരിക്തമായി നിര്‍ത്തിയില്ല. പുറത്തുവരുന്ന അപരിചിതര്‍ക്ക് നബി ആരാണെന്ന് ചോദിക്കേണ്ടിവന്നു. തന്നെ ബഹുമാനിക്കാനായി എഴുന്നേല്‍ക്കുന്നത് ശക്തിയായി വിലക്കി. ആരോ നബിയുടെ പദവി അല്‍പം ഉയര്‍ത്തി പറഞ്ഞപ്പോള്‍ അയാളെ തടഞ്ഞു. ആരോ തിരുമേനി മൂസയേക്കാള്‍ ഉത്തമനാണെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ പറയുന്നത് വിലക്കി. അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചാല്‍ എന്ന് ആരോ പറഞ്ഞപ്പോള്‍ അങ്ങനെ പറയരുതെന്ന് വിലക്കി. തന്റെ വ്യക്തിത്വം ലക്ഷ്യമാക്കുന്നതിനെ നബി ഭയപ്പെട്ടു. യഥാര്‍ഥ ബന്ധവും സ്‌നേഹവും അല്ലാഹുവിനോടായിരിക്കണമെന്ന് പഠിപ്പിച്ചു. ഖുര്‍ആന്‍ പറയുന്നു: ‘മുഹമ്മദ് ഒരു ദൈവദൂതനല്ലാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും പല പ്രവാചകന്മാരും കടന്നുപോയിട്ടുണ്ട്. അദ്ദേഹം നിര്യാതനാവുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറകോട്ടു തിരിഞ്ഞുപോവുകയോ?’ (ഖുര്‍ആന്‍ 3:144). പ്രവാചകന്റെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ധാര്‍മിക മഹത്വത്തിന്റെയും പ്രകാശത്തില്‍നിന്നാണ് നാം എല്ലാം കണ്ടത്തേണ്ടത്. പ്രബോധനത്തിന്റെയും പ്രസ്ഥാനത്തിന്റെയും മാര്‍ഗത്തില്‍ ചലിക്കുന്ന ഏതരാള്‍ക്കും തങ്ങളുടെ ദീപം കൊളുത്തേണ്ടത് ആ ജീവിതത്തില്‍നിന്നാണ്. നമ്മില്‍ ആര്‍ക്കും നബിയുടെ സ്ഥാനം പ്രാപിക്കാനാകുമെന്ന് സ്വപ്‌നം കാണാന്‍ പോലും ആകില്ല. കാരണം ലോകം കണ്ട ഏറ്റവും നല്ല പ്രബോധനത്തിന്റെയും പ്രസ്ഥാനത്തിന്റെയും സമ്പൂര്‍ണ മാതൃകയാണ് നബിയെ അള്ളാഹു നിയോഗിച്ചത്. അതിനാല്‍ ഈ വെളിച്ചത്തില്‍ നിന്നും എത്രത്തോളം നമ്മുടെ സ്വഭാവത്തെയും മനസ്സിനെയും പ്രായോഗിക ജീവിതത്തേയും പ്രകാശിപ്പിക്കുന്നുവോ അത്രത്തോളം നബിയുമായി അടുക്കുകയും നാഥന്‍ നമ്മെ സ്‌നേഹിക്കുകയും നമ്മുടെ ദൗര്‍ബല്യങ്ങളും അബദ്ധങ്ങളും പൊറുക്കപ്പെടുകയും ഇരുലോകത്തും അനുഗ്രഹിക്കപ്പെടുക യും ചെയ്യും. അല്ലഹു പറയുന്നു: ‘പ്രവാചകരെ ജനത്തോട് പറയുക, നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അള്ളാഹു നിങ്ങളെ സ്‌നേഹിക്കുന്നതാ കുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു’ (ഖുര്‍ആന്‍ 3:31).

ജീവിതത്തിന്റെ ലാളിത്യവും പരിശുദ്ധിയും നൈര്‍മല്യവുംകൊണ്ട് ചരിത്രത്തിന്റെ ഔന്നത്യത്തില്‍ സ്ഥാനംപിടിച്ച നബിയെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് മനുഷ്യ സമൂഹത്തിനാകെ അനുഗ്രഹം എന്നാണ്. ആ ലോകാനുഗ്രഹിയുടെ ജന്മദിനം നല്‍കുന്ന ആഹ്ലാദമായ അനുഭൂതിയുടെ നിമിഷങ്ങളില്‍ അള്ളാഹുവിന്റെ അപാരമായ ഈ അനുഗ്രഹത്തിന് നന്ദി പറയാം, സല്ലല്ലാഹു അലാ മുഹമ്മദ്…

Test User: