X
    Categories: News

ആത്മീയതയും രാഷ്ട്രീയവും സമന്വയിപ്പിച്ച ഉത്തമനായ നേതാവ്

ഇ.ടി മുഹമ്മദ് ബഷീര്‍

ഉത്തമനായ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ നേതാവായിരുന്നു സയ്യിദ് ഹൈദരി ശിഹാബ് തങ്ങള്‍. ഏതെങ്കിലും പക്ഷം പിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവം ആയിരുന്നില്ല. എന്നും നീതിയുടെ പക്ഷത്ത് മാത്രമാണ് നിലകൊണ്ടത്. ഏതൊരു കാര്യത്തിന്റെയും സത്യവും യോഗ്യതയും നന്മയും മാത്രം നോക്കി തീരുമാനം എടുക്കുന്നതായിരുന്നു തങ്ങളുടെ പ്രകൃതം. മറ്റൊരു ഭൗതിക താല്‍പര്യവും തങ്ങളെ സ്വാധീനിച്ചിരുന്നില്ല.

ദൈവം നല്‍കിയ വരദാനമാണ് നല്ല സ്വഭാവം, ആര്‍ദ്രത, സൗമനസ്യം എന്നിവയൊക്കെ. ജീവ കാരുണ്യ പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല. ഇത്തരം ഒരു സംരംഭങ്ങളിലും തങ്ങളുടെ കയ്യൊപ്പ് പതിയാതിരിക്കില്ല. ഒരിക്കല്‍ തിരുവനന്തപുരം സി.എച്ച് സെന്ററില്‍ എത്തിയ തങ്ങള്‍ സ്വന്തം നിലയില്‍ വലിയൊരു തുക സംഭാവന നല്‍കിയാണ് അവിടെ നിന്നു മടങ്ങിയത്. അദ്ദേഹത്തിന്റെ മുഖമുദ്ര തന്നെ ദയയും സഹാനുഭൂതിയുമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് തങ്ങള്‍ക്ക് വലിയ അനഭാവമായിരുന്നു. ബൈത്തു റഹ്്മ മുസ്്‌ലിംലീഗിന്റെ അഭിമാന പദ്ധതിയായി മാറിയത് അദ്ദേഹത്തിന്റെ കൂടി താല്‍പര്യ പ്രകാരമാണ്. അതില്‍ വലിയ സംതൃപ്തിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പാവങ്ങളോടും അവശരോടും ഏതു വിഭാഗത്തില്‍ പെട്ടവരായിരുന്നാലും അവരോട് വലിയ അനുഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. സി.എച്ച് സെന്ററുകളോട് പ്രത്യേകമായ മമതയും താല്‍പര്യവുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ 80,000 രൂപ നേരിട്ട് നല്‍കി.

രോഗികളെ സുശ്രൂഷിക്കുന്നതും ആശ്വാസം പകരുന്നതും സദാ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന്റെ ഉള്‍പ്പെടെ ഈ മേഖലക്കാകെ മുഖ്യ രക്ഷാധികാരിയായി ഊര്‍ജ്ജം പകര്‍ന്നു. ടെന്‍ഷനും ദേശ്യവുമെല്ലാം മനുഷ്യ സഹജമാണ്. പക്ഷെ, അദ്ദേഹം ദേശ്യപ്പെടുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വരുന്ന ആരെയും വലുപ്പ ചെറുപ്പമില്ലാതെ പരിഗണിച്ചു; സഹായിച്ചു.

ആത്മീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ സംഘര്‍ഷങ്ങളില്ലാതെ എങ്ങനെ സമന്വയിപ്പിച്ചു കൊണ്ടു പോകാമെന്നതിന് വലിയ മാതൃകയാണ് അദ്ദേഹം. ഇക്കാര്യത്തില്‍ ഒരിക്കലും അദ്ദേഹം പരാജിയപ്പെട്ടില്ല. പ്രശ്‌നങ്ങളെ ലഘൂകരിക്കാനും ഇല്ലായ്മ ചെയ്യാനുമുളള മാര്‍ഗങ്ങള്‍ ആരായുകയെന്നതായിരുന്നു എല്ലായിപ്പോഴും അദ്ദേഹത്തിന്റെ രീതി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉളള കാലത്ത് മലപ്പുറം ജില്ലയാണ് പ്രധാനമായി കര്‍മ്മ മണ്ഡലമാക്കിയത്. ശേഷം ഒരു വ്യാഴവട്ടം സംസ്ഥാന രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെട്ട് എല്ലാവരുടെയും അംഗീകാരവും ആദരവും കരഗതമാക്കാന്‍ അദ്ദേഹത്തിനായി.

Test User: