സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കണക്കുകള്‍ ശരിയല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാനും നിര്‍ദേശിച്ചു.
എസ്ഡിആര്‍എഫില്‍ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് ഹൈക്കോടതിയെ അറിയിച്ച സര്‍ക്കാറിനോട് 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങള്‍ക്കറിയില്ലെയെന്ന് ഹൈക്കോടതി ആരാഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി ചോദിച്ചു.
677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്നും കണക്കുകള്‍ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി പറഞ്ഞു.
ഓഡിറ്റിംഗ് പോലും കൃത്യമല്ലെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്നത് നിര്‍ത്താനും ദുരന്തത്തില്‍പെട്ടവരെ കൂടി അപമാനിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
എസ്ഡിആര്‍എഫില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. കൃത്യമായ കണക്കുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. എസ്.ഡി.ആര്‍.എഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.