പി.ജയചന്ദ്രന്റ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്‍ അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്‍ണ്ണനീയമാണ്.
ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്‍സംബന്ധമായി സ്വന്തം വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്‍ത്തിയ ജയചന്ദ്രന്റെ ഉള്ളില്‍ സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു.
ജയേട്ടനോട് അടുത്തിടപഴകാന്‍ ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്‍ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കും.