54 വര്‍ഷത്തെ അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് സിറിയ പിടിച്ചെന്ന അവകാശവാദവുമായി സിറിയയിലെ ‘വിമത സംഘം’. തലസ്ഥാന നഗരമായ ഡമസ്‌കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 50 വര്‍ഷത്തോളമായി ബാത്തിസ്റ്റ് ഗവണ്‍മെന്റിന്റെ കീഴില്‍ രാജ്യം ഏകാധിപത്യത്തിന്റ കീഴില്‍ ആണെന്നും 13 വര്‍ഷത്തെ കുറ്റകൃത്യം, കുടിയൊഴിപ്പിക്കല്‍, സ്വേച്ഛാധിപത്യം എന്നിവയെല്ലാം അതിജീവിച്ച് വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ശേഷമാണ് സിറിയയയിലെ ഇരുണ്ട യുഗം അവസാനിച്ചതെന്നും ഇനി പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ‘വിമതസംഘം’ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇനിയങ്ങോട്ടുള്ള കാലയളവില്‍ രാജ്യത്ത് നീതി നടപ്പിലാവുമെന്നും പരസ്പരം സഹകരണത്തോടെ മുന്നോട്ട് പോവുമെന്ന് സിറിയയിലെ പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.
‘വിമതസംഘം’ സിറിയയില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിമാനം വഴി അസദ് രാജ്യം വിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഡമസ്‌കസിലടക്കം ജനങ്ങള്‍ പ്രസിഡന്റിന്റെ പ്രതിമ തകര്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അസദ് ഭരണം അവസാനിച്ചതിന്റ ആഘോഷസൂചകമായി ആയിരത്തിലധികം പേരാണ് ഡമസ്‌കസിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ വിമത നീക്കത്തിനെതിരെ സൈന്യത്തിന് കാര്യമായ ചെറുത്തുനില്പ്പ് നടത്താന്‍ സാധിച്ചിരുന്നില്ല എന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് ഡമസ്‌കസിലേക്ക് ‘വിമതസംഘം’ എത്തിച്ചേരുന്നത്. ഇതിന് തൊട്ട് പിന്നാലെ ഡമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയിരുന്നു.
ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്‍ അല്‍-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.