X

പ്രവാസജീവിതത്തിന് വിരാമം അഷ്‌റഫ് പള്ളിക്കണ്ടം നാട്ടിലേക്കു മടങ്ങുന്നു

ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായ അഷ്‌റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്‍ഹും അരിഞ്ചിര അബ്ദുള്‍ റഹിമാന്‍, പള്ളിക്കണ്ടം കുഞ്ഞായിസ്സു ദമ്പതികളുടെ മകനായി ജനിച്ച അഷ്‌റഫ് എഴുപതുകളുടെ അവസാനം ഗള്‍ഫിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ കാലത്ത് തുടര്‍വിദ്യാഭാസ മോഹം ഉപേക്ഷിച്ചാണ് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടത്. ചെറുവത്തൂര്‍ കാടങ്കോട്ടെ ഗവ.ഫിഷറീസ് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയാണ് ചെറുപ്രായത്തില്‍ അല്‍ഐനിലേക്ക് പ്രവാസിയായെത്തുന്നത്. എഴുപതുകളുടെ അവസാനം കേരളത്തില്‍ നിന്നും ജീവിതോന്നമനം തേടി അറേബ്യന്‍ ഗള്‍ഫിലേക്കു കുടിയേറിയ അനേകായിരം യുവാക്കളില്‍ അഷ്‌റഫ് പള്ളിക്കണ്ടത്തെ വ്യത്യസ്തനാക്കുന്നത് ഗള്‍ഫിലെത്തിയതിന്റെ മൂന്നാം മാസം തന്നെ നാട്ടിലെ യുവപൊതുപ്രവര്‍ത്തകന്റെ ജീവിതം ഗള്‍ഫിലും പുരരാരംഭിച്ചുവെന്നതാണ്. കോഴിക്കോട് ദേവഗിരി കോളജിലെ പ്രിഡിഗ്രി പഠന കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങിയ പൊതുപ്രവര്‍ത്തന താല്‍പര്യം അന്നത്തെ ചെറുപ്പക്കാരന്റെ് രക്തത്തില്‍ അലിഞ്ഞതായിരുന്നു. സംഘാടനവും പൊതുരംഗവും അഷ്റഫിന് കൗമാരത്തിലേ ലഭിച്ച ആവേശമായിരുന്നു. ചെറുപ്പം മുതലേയുള്ള ആ കര്‍മ്മകുശലത അദ്ദേഹത്തെ നാല്‍പതു കൊല്ലത്തോളം കെ.എം.സി.സിയുടെയും ഇതര സംഘടനകളുടെയും നേതൃത്വത്തിലെത്തിച്ചു. ഒഴിവു വേളകളില്‍ മാത്രമല്ല, ജോലിത്തിരക്കിനിടയിലും പൊതുപ്രവര്‍ത്തനത്തിനു സമയം കണ്ടെത്തി ഒട്ടേറെ സാമൂഹിക ഉദ്യമങ്ങള്‍ക്കു നേതൃത്വം വഹിക്കാന്‍ പ്രവാസ ജീവിതത്തിലും അദ്ദേഹത്തിനു കഴിഞ്ഞു.

നാലര പതിറ്റാണ്ടിലെ പ്രവാസത്തിനിടയില്‍ ആദ്യത്തെ രണ്ട് വര്‍ഷം അല്‍ഐനില്‍ ശൈഖ് ഖലീഫയുടെ റൂളേര്‍സ് പ്രൈവറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും തുടര്‍ന്ന് 24 വര്‍ഷക്കാലം അല്‍ഐന്‍ വൈദുതി ഡിപ്പാര്‍ട്ട്‌മെന്റിന്‍ കീഴില്‍ പവര്‍ഹൗസില്‍ ഫയര്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി ജോലി ചെയ്ത് വിരമിച്ച ശേഷം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സ്വന്തം കച്ചവടസ്ഥാപനം നടത്തിവരുന്ന അഷ്‌റഫ് ഫെബ്രവരി അവസാനത്തോടുകൂടിയാണ് പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസജീവിതത്തിനു മുമ്പേ നാട്ടില്‍ ഹോസ്ദുര്‍ഗ്ഗ് മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടരി, അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തക സമതി അംഗം, പി.കെ.കെ. ബാവ സാഹിബ് യൂത്ത് ലീഗ് പ്രസിഡണ്ടായ അവസരം സംസ്ഥാന യൂത്ത്‌ലീഗ് കൗണ്‍സിലര്‍ തുടങ്ങിയ പദവികള്‍ അഷ്‌റഫ് വഹിച്ചു. മുസ്ലിം ലീഗിലെ പിളര്‍പ്പിന്റെ കാലത്ത്, സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം എം.സി. വടകരയും റഹീം മേച്ചേരിയും മുന്‍കയ്യെടുത്തു രൂപീകരിച്ച മുസ്ലിം ലീഗിലെ യുവ പ്രാസംഗിക സംഘടനയുടെ ട്രഷററുമായിരുന്നു അഷ്‌റഫ് പള്ളിക്കണ്ടം. ചന്ദ്രിക സഹ പത്രാധിപന്‍മാരായിരുന്ന ടി.സി. മുഹമ്മദ് ചെയര്‍മാനും ജാഫര്‍ അത്തോളി ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രാസംഗിക സംഘടനയാണ് ഒട്ടേറെ യുവപ്രതിഭകളെ കണ്ടെത്തിയതും വളര്‍ത്തിയതും. എം.എസ്.എഫ്, മുസ്ലിം യൂത്ത് ലീഗ് വേദികളിലെ സജീവ സാന്നിധ്യം ഉപേക്ഷിച്ചാണ് അഷറഫ് പ്രവാസജീവിതം തെരഞ്ഞെടുത്തത്.

അല്‍ ഐനിലെത്തി മൂന്ന് മാസത്തിനകം അല്‍ഐന്‍ ചന്ദ്രികാറീഡേര്‍സ് ഫോറം ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ അഷ്‌റഫ് നിയമിതനായി. ചന്ദ്രികാ റീഡേര്‍സ് ഫോറം കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി, ചന്ദ്രികാ റീഡേര്‍സ് ഫോറവും കെ.എം.സി.സി.യും ലയിച്ചതിന് ശേഷം പുത്തൂര്‍ റഹ്‌മാന്‍ പ്രസിഡണ്ടായ കമ്മറ്റിയില്‍ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് പദവികളും വഹിച്ചു. അല്‍ഐനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ അനിഷേധ്യ വ്യക്തിത്വമായും അഷ്‌റഫ് പള്ളിക്കണ്ടം ശോഭിക്കുകയുണ്ടായി. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ 1984ലെ ഭരണസമതിയില്‍ ജോ:സെക്രട്ടറിയുടെ പദവി വഹിച്ച അദ്ദേഹം പിന്നീട് രണ്ട് ടേമുകളില്‍ ഐ.എസ്.സി. ഉപാദ്ധ്യക്ഷനും 2003-2005 വര്‍ഷം തുടര്‍ച്ചയായി ജനറല്‍ സെക്രട്ടറിയുമായി. 2014ല്‍ ഐ.എസ്.സി. പ്രസിഡണ്ടായും അഷ്‌റഫ് പള്ളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. അല്‍ഐനിലെ ഐ.എസ്.സിയുടെ ഭരണ സമതിയെ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി അധികാരത്തില്‍ എത്തിക്കുന്ന യുനൈറ്റഡ് മൂവ്‌മെന്‍് എന്ന ഒരു ഡസനോളം സാമൂഹ്യസംഘടനകള്‍ ഐക്യപെട്ട് പ്രവര്‍ത്തിക്കുന്ന ഏകീകൃത കൂട്ടായ്മയുടെ ചെയര്‍മാനായും അഷ്‌റഫ് പ്രവര്‍ത്തിച്ചുവരുന്നു.

പ്രവാസജീവിതം നയിക്കുമ്പോഴും നാട്ടിലെ പൊതുപ്രവര്‍ത്തകന്റെ വേഷം അഴിച്ചുവെക്കാതെ സ്വദേശത്തും സജീവമാണ് അഷ്‌റഫ് പള്ളിക്കണ്ടം. ചെറുവത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി അംഗമായും കാസറഗോഡ് ജില്ലാ മുസ്ലിംലീഗ് കൗണ്‍സിലറായും അദ്ദേഹം നാട്ടിലും സാന്നിധ്യമറിയിക്കുന്നു. മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. യു.എ.ഇ രൂപീകൃതമായതിനു തൊട്ടപിന്നാലെ അല്‍ഐനിലെത്തിയ അഷ്റഫ് ഐക്യ അറബ് നാടുകളുടെ വളര്‍ച്ചക്കൊപ്പം സഞ്ചരിക്കാനായതിലും രാജ്യത്തിന്റെ പുരോഗതിയിലും അതോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിഞ്ഞതിലുമുള്ള നിറസംതൃപ്തിയുമായാണ് നാട്ടിലേക്കു മടങ്ങുന്നത്. നാട്ടിലെ പൊതുരംഗത്തുനിന്നും മാറിനിന്ന പ്രവാസം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ നാട്ടിലെ പൊതുജീവിതത്തില്‍ സജീവമാകാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഭാര്യ ഖദീജ അഷ്‌റഫ്‌, ഷാര്‍ജയിലുള്ള ആയിഷത്ത് ഹിബ പുത്രിയും അല്‍ ഐനില്‍ തന്നെയുള്ള അബ്ദുള്‍ റഹിമാന്‍ പള്ളിക്കണ്ടം മകനുമാണ്.

webdesk14: