അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് ആനയെ മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കാനാണ് നീക്കം. അതേസമയം ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
നിലവിലെ ആരോഗ്യസ്ഥിതിയില്‍ വെടിവെക്കുന്നത് പ്രയാസമാണെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു.
കൂടിന്റെ അടക്കം ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുന്നതിലുള്ള കാര്യത്തിന് തീരുമാനമാകുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം വെറ്റിലപ്പാറ മലയാറ്റൂര്‍ പ്ലാന്റേഷന്‍ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.
ജനുവരിയിലായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം.