X

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

webdesk14: