സെക്രട്ടറിയേറ്റിന്റെ ഒരു അനക്‌സ് കോഴിക്കോട്ട് വേണമെന്ന വര്‍ഷങ്ങള്‍ക്കു മുമ്പേ ഉള്ള ആവശ്യം വീണ്ടും ഉയര്‍ത്തി മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍. അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു. ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ നിരത്തിയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
സെക്രട്ടരിയേറ്റിന്റെ അനക്‌സ് കോഴിക്കോട്ട് വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ത്തിയ ഒരാളാണ് ഞാന്‍.
അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ്.
തലസ്ഥാന മാറ്റം പോലുള്ള ലക്ഷ്യമൊന്നും അതില്‍ ഇല്ല.
അന്ന് ജീവന്‍ ടിവിയിലും മറ്റു ചില മാധ്യമങ്ങളിലും അതു സംബന്ധിച്ച ഒരു അഭിമുഖം കൊടുത്തിരുന്നു.
കോഴിക്കോട്ടെ പൗര പ്രമുഖരും ചേംബര്‍ ഓഫ് കോമേഴ്‌സും അതിനെ പിന്തുണച്ച് ഇവ്വിഷയകമായി സെമിനാര്‍ നടത്തിയിരുന്നു. പലയിടങ്ങളിലും ആ വിഷയം ഏറെക്കാലം പറയുകയും എഴുതുകയും ചെയ്തിരുന്നു.ഇ-ഗവേണന്‍സ് കാലത്ത് വളരെ എളുപ്പവും സൗകര്യപ്രദവുമായ ഒരു നടപടിയാണിത്.
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് ഒരു നല്ല കെട്ടിടവും ഏതാനും ഉദ്യോഗസ്ഥരും ഉണ്ടായാല്‍ മതി.
പലവിധ നേട്ടങ്ങളും നാട്ടുകാര്‍ക്കും സര്‍ക്കാരിനും ഇതുകൊണ്ട് ഉണ്ടാകും.
1.തിരുവനന്തപുരം സിക്രട്ടരിയേറ്റിലെ ജോലിഭാരം കുറയും 2.ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട.
ഓണ്‍ലൈന്‍ മതി 3.മന്ത്രിമാരായ ചിലര്‍ക്കെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കോഴിക്കോട് അനക്‌സില്‍ വെച്ച് പൊതു ജനങ്ങളെയും ജന പ്രതിനിധികളെയും കാണാം. 4.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും മറ്റും തിരുവനന്തപുരം പോകാതെ ഭരണ കാര്യങ്ങള്‍ക്ക് കോഴിക്കോട് പോയാല്‍ മതിയാകും.സമ്പത്തും സമയവും ലാഭിക്കാം 5.സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ ഇല്ലെങ്കിലും മലബാര്‍ ജില്ല ക്കാരായ സിക്ര
ട്ടരിയേറ്റ് ജീവനക്കാര്‍ക്ക് കോഴിക്കോട് ഓഫീസില്‍ ജോലി ചെയ്യാം 6.ജനങ്ങള്‍ക്ക് ഓരോ ആവശ്യങ്ങള്‍ക്ക് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കോഴിക്കോട് വെച്ചു കാണാം.
7 ഒരു അഡീഷനല്‍ ചീഫ് സിക്രട്ടരിയുടെ കീഴില്‍ ഈ ഓഫീസ് പ്രവര്‍ത്തിപ്പിക്കാം. 8.മലബാറിലെ ആറു ജില്ലകളിലെ ജനങ്ങള്‍ക്ക് ഈ സെക്രട്ടറിയേറ്റ് അനക്‌സ് പ്രയോജനപ്പെടുത്താം.
9.അധികാര സിരാകേന്ദ്രം മാറുന്നില്ല തലസ്ഥാനം മാറുന്നില്ല അധികാര വികേന്ദ്രീകരണം പോലും ഇല്ല.ഉള്ളത് കൂടുതല്‍ സൗകര്യങ്ങള്‍ മാത്രം ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും ഒരു പോലെ ഗുണകരമായ ഒരു പരിഷ്‌കാരം. ജനാധിപത്യരാജ്യമാകയാല്‍ സമരക്കാര്‍ക്കു പോലും സഹായകരം. ചില സിക്രട്ടരിയേറ്റ് മാര്‍ച്ചുകള്‍ ഇവിടെയും കുറഞ്ഞ ചിലവില്‍ നടത്താം.
ഈ അഭിപ്രായം ചര്‍ച്ച ചെയ്യാം സ്വീകരിക്കയോ നിരാകരിക്കുകയോ ചെയ്യാം.
രണ്ടായാലും എനിക്ക് ഒന്നുമില്ല. സന്തോഷം മാത്രം. പറഞ്ഞ കാരണത്താല്‍ തീവ്രവാദിയോ പ്രദേശികവാദിയോ ആക്കരുത് ഇതു രണ്ടും ആവാന്‍ എനിക്കു കഴിയില്ല. പൊറുക്കണം.
മറ്റൊരു കാര്യം ഹൈക്കോടതിയുടെ ഒരു ബെഞ്ച് തിരുവനന്തപുരം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട് അത് ന്യായമാണ് അനുവദിക്കണം. സാധ്യതയുണ്ടെങ്കില്‍ ഭാവിയില്‍ സുപ്രീം കോടതിയുടെ ഒരു ദക്ഷിണേന്ത്യന്‍ ബെഞ്ച് കോഴിക്കോട്ടാവാം.