X
    Categories: Newsworld

3 ദിവസം കിണറില്‍ കുടുങ്ങിയ അഫ്ഗാന്‍ ബാലന്‍ മരിച്ചു

കാബൂള്‍: തെക്കന്‍ അഫ്ഗാനിലെ ഗ്രാമത്തില്‍ കുഴല്‍ കിണറില്‍ വീണ കുട്ടി മൂന്നാം ദിവസം മരണപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാബൂളില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള സാബൂള്‍ പ്രവിശ്യയിലെ വരള്‍ച്ച ബാധിത ഗ്രാമമായ ഷോകക്കിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അഞ്ച് വയസ്സ് പ്രായമുള്ള ഹൈദര്‍ എന്ന കുട്ടി കുഴല്‍ കിണര്‍ കുഴിക്കുന്നതിനിടെ വീണത്. കിണറിലേക്ക് വലിയ കിടങ്ങ് കുഴിച്ച് കുട്ടി നില്‍ക്കുന്ന ഭാഗത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്നലെ രാവിലെ വരെ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ പീന്നീട് മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തു വന്നത്. താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് അനസ് ഹഖാനിയാണ് ട്വിറ്ററിലൂടെ മരണം സ്ഥിരീകരിച്ചത്.

രക്ഷാ പ്രവര്‍ത്തനം തുടരുന്നതിനിടെ വലിയ പാറ കുടുങ്ങിയതാണ് തടസ്സം നേരിടേണ്ടി വന്നത്. കൂടുതല്‍ കുഴിക്കുന്നതില്‍ നിന്നും പാറ തടസ്സമായി. കിണര്‍ കുഴിക്കുകയായിരുന്ന സംഘത്തിനൊപ്പം കുട്ടിയുമുണ്ടായിരുന്നു. മുതിര്‍ന്നവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈദര്‍ കിണറ്റില്‍ വീണതെന്ന് കുട്ടിയുടെ മുത്തച്ഛന്‍ ഹാജി അബ്ദുല്‍ ഹാദി പറഞ്ഞു. 80 അടി താഴ്ചയിലേക്ക് വീണ കുട്ടി കിണറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

Test User: