കൊച്ചിയില്‍ വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം നടന്ന സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് കാണിച്ചാണ് ഡ്രൈവര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു.
മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയതിനു ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് നീങ്ങുക. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സിലും ബൈക്കുകളിലും പോയി ഇടിക്കുകയായിരുന്നു. കണ്ടെയിനറില്‍ ഇടിച്ചുള്ള ആഘാതത്തിലണ് ബസ് നിന്നത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ബസ്സിലെ യാത്രക്കാരും ഉള്‍പ്പടെ പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.