ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ വന്‍പ്രതിഷേധം. ഹോട്ടലുകളില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ ബാംഗ്ലൂരിലെ ഹോട്ടല്‍ ഉടമകളുടെ സംഘടനയായ ബൃഹത് ബാംഗ്ലൂരു ഹോട്ടല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് അസോസിയേഷന്റെ തീരുമാനം.
ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ കമ്പനിയുടെ പാലുല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ എത്തിക്കുക വഴി കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡ് ആയ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ഉല്‍പന്നങ്ങളായ നന്ദിനിയുടെ തകര്‍ച്ചക്ക് അത് കാരണമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ണാടകയുടെ ഉല്‍പന്നങ്ങളുടെ വ്യാപാരം തകര്‍ക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ കൂട്ടുപിടിച്ചു അമൂലിനെ കര്‍ണാടകയില്‍ എത്തിക്കാന്‍ നേതൃത്വം കൊടുക്കുന്നതെന്ന് കോണ്‍ഗ്രസും ജനതാദളും ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപപ്പെടുത്തിയത് തന്നെ ഈ ഒളി അജണ്ട നടപ്പിലാക്കാനാണെന്നും മോദിയും അമിത് ഷായും ഇടക്കിടക്ക് കര്‍ണാടകയില്‍ വന്നുപോയത് ഗുജറാത്തിലെ അമുല്‍ കമ്പനിക്കായി നീക്കം നടത്തുന്നതിന്നാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
80 ലക്ഷം വരുന്ന കര്‍ണാടകയിലെ ക്ഷീര കര്‍ഷകരെ പട്ടിണിയിലാക്കുന്ന ഈ ഗൂഡ നീക്കത്തിന്നെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയും നീക്കത്തെ ശക്തമായി എതിര്‍ത്തു. തൈരിന്റെ പാക്കറ്റില്‍ ഹിന്ദി പദമായ ധൈ എന്ന് ചേര്‍ക്കാനുള്ള നീക്കം പരാജയപ്പെടുത്തിയ പോലെ കര്‍ണാടക പാല്‍ ഉത്പന്നങ്ങളെ മാര്‍ക്കറ്റില്‍ സംരക്ഷിക്കാന്‍ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ണാടകത്തിലെ വിവിധ ധനകാര്യ സ്ഥാപങ്ങളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ബിജെപി സര്‍ക്കാര്‍ തകര്‍ത്തപോലെ നന്ദിനിയെയും തകര്‍ക്കാനാണ് ശ്രമം. ഇത് തടയുക തന്നെ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഒരു രാജ്യം ഒരു വേഷം ഒരു ഭക്ഷണം എന്ന ഫാസിസ്റ്റ് മുദ്രാവാക്യം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗുജറാത്ത് ഉല്‍പന്നങ്ങളുടെ കടന്നുവരവെന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപി എം.എല്‍.സി വിശ്വനാതും ആരോപിച്ചു. കര്‍ണാടകത്തിലെ കന്നട സംഘടനകളും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ ജീവിതോപാധി സംരക്ഷിക്കാന്‍ എല്ലാവിധത്തിലും പോരാടുമെന്ന് കര്‍ണാടക രക്ഷണ വേദികെ നേതാവ് പ്രവീണ്‍ ഷെട്ടി പറഞ്ഞു.