X

ജിന്ന വിവാദം: അലിഗഡ് വീണ്ടും സംഘര്‍ഷത്തിലേക്ക്; ക്യാമ്പസിലെ ഇന്റര്‍നെറ്റ് ഭരണകൂടം വിച്ഛേദിച്ചു

മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുകയായിരുന്നു.

 

കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണ്, അതിനാല്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 

80 വര്‍ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ 41 പേര്‍ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്‍ത്ഥികള്‍ക്കും 13 പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.

ജിന്നയുടെ ചിത്രം 1938 മുതല്‍ യൂണിവേഴ്‌സിറ്റിയുടെ ചുവരില്‍ ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥി സംഘടനയായ എഎംയുഎസ് യു ജിന്നക്ക് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, നെഹ്‌റു എന്നിവര്‍ക്കും എഎംഎസ് യു ആജീവനാന്ത അംഗത്വം നല്‍കുകയും ചുവരില്‍ ചിത്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും കോളജ് അറിയിച്ചു.

chandrika: