എം.എസ്.എഫ് ബാലകേരളം പ്രഥമ സംസ്ഥാന സമ്മേളനമായ ‘വര്‍ണോത്സവം’ ഇന്ന് രാവിലെ മലപ്പുറം വലിയങ്ങാടി ബൈപാസ് ജംങ്ഷനില്‍ നിന്ന് വര്‍ണ ജാഥയോടെ തുടക്കം കുറിക്കും. 10 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യാതിഥി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും. ബാലകേരളം പ്രഥമ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും ബാലകേരളം പതാകയുടെ ഒഫീഷ്യല്‍ ലോഞ്ചിങും തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ബാലകേരളം പ്രവര്‍ത്തകരുടെയും ടി.വി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യങ്ങളായ ബാലതാരങ്ങളുടെയും നേതൃത്വത്തില്‍ ഗാനങ്ങള്‍, നാടകങ്ങള്‍, കളരിപ്പയറ്റ്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, കഥപറച്ചില്‍, മോണോആക്ട്, മ്യൂസിക്കല്‍ ഷോ തുടങ്ങിയ കലാരിപാടികള്‍ അരങ്ങേറും.
വൈകുന്നേരം 4 മണിക്ക് അയ്യായിരത്തില്‍ അധികം കുട്ടികള്‍ അണിനിരക്കുന്ന ഗ്രാന്റ് അസംബ്ലിയോട് കൂടി സമ്മേളനം സമാപിക്കും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തോട്ട് ഓഫ് ദി ഡേയും, മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. മുസ്ലിംലീഗ്, മറ്റു പോഷകഘടകം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.