അനീഷ് ചാലിയാര്‍
പാലക്കാട്
അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ആധികൂട്ടി സംസ്ഥാനത്തെ മരണക്കണക്കുകള്‍. 2016 മുതല്‍ 2023 വരെ ഏഴ് വര്‍ഷത്തിനിടെ ആറ് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിന്‍ജോ എന്‍സഫലൈറ്റിസ്) ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് കേരളത്തില്‍ കൂടുതല്‍ കേസുകള്‍ എന്ന ആരോഗ്യ മന്ത്രിയുടെ വാദം വിഷയം ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.
രോഗ സ്ഥിരീകരണം തന്നെ രോഗി മരണത്തോടടുക്കുമ്പോഴോ അതിന് ശേഷമോ മാത്രമാണ് സാധ്യമാകുന്നത്. ഇതുകാരണം രോഗിയെ രക്ഷപ്പെടുത്താനാവാത്ത സ്ഥിതി വരുന്നു. സംസ്ഥാനത്ത് മരണപ്പെട്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് 36 വയസ്സുള്ളത്. മറ്റുള്ളവര്‍ 16,15,13,12,10 വയസ്സുള്ള കുട്ടികളാണെന്നതാണ് ഗൗരവതരം. കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രാഥിക ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മസ്തിഷ്‌കജ്വര ലക്ഷണങ്ങളോ, ഇതിനുള്ള സാധ്യതകളോ പരിശോധിക്കപ്പെടണം. എന്നാല്‍ കേരളത്തില്‍ എല്ലാ കേസുകളും ഉന്നത ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നത്. അപ്പോഴേക്കും രോഗി മരണത്തോടടുക്കും. ആലപ്പുഴയില്‍ ജൂണ്‍ 29ന് പനി ബാധിച്ച 15 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ രണ്ടാംതീയതി വൈകീട്ടാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നത്.
മൂന്നാം തീയതി രോഗം സ്ഥിരീകരിച്ചു ആറാം തീയതി മരണവും സംഭവിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര സാധ്യതയുള്ള സാഹചര്യവുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ സി.ഡി.സിയുടെ രോഗ നിര്‍ണയ പ്രതിരോധ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
1971 മുതല്‍ 2011 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഒമ്പതു കേസുകളില്‍ 4 പേര്‍ രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് നടത്തിയ പഠനങ്ങള്‍ പറയുന്നുണ്ട്. രോഗമുക്തിയുണ്ടായ കേസുകളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ആന്റി ഫംഗല്‍, ആന്റീ ബയോട്ടിക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫലപ്രദമായതെന്ന് പറയുന്നുണ്ട്. പ്രാഥമിക ലക്ഷണങ്ങളുമായി രോഗി ചികിത്സക്കെത്തുമ്പോള്‍ തന്നെ കീട-ജന്തുജന്യ മസ്തിഷ്‌കജ്വര സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാനിടയുള്ള സാഹചര്യം രോഗിക്കുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു പുതിയ സാഹചര്യത്തില്‍.
ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത 1971 ലെ രണ്ട് കേസുകളിലും മൂന്നുവയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള കുട്ടിയും രോഗമുക്തി നേടിയിട്ടുണ്ട്. 1998 ല്‍ എട്ടു വയസ്സുകാരനും 2002ല്‍ 26 വയസ്സുകാരിയും രോഗമുക്തി നേടിയതായി പൂനെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ 2005, 2006,2008,2011 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെല്ലാം രോഗികള്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുമാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 36 വയസ്സുള്ളവര്‍ വരെയുണ്ട്. കസ്തൂര്‍ബ മെഡിക്കല്‍ കോളജ് സംഘം പഠന വിധേയമാക്കിയ ഒമ്പത് കേസുകളില്‍ നാല് എണ്ണവും വെള്ളത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തവുമല്ല.
പതിവ് മുന്നറിയിപ്പ് മാത്രം പോര
മുന്നൊരുക്കവും ബോധവത്കരണവും വേണം
മസിത്ഷകംതീനി അമീബ (നെഗ്ലേറി ഫൗലേരി) കേസുകള്‍ വരുമ്പോള്‍ പതിവ് മുന്നറിയിപ്പുകള്‍ മാത്രം പോര. കൃത്യമായ പ്രതിരോധപ്രവര്‍ത്തന മാര്‍ഗരേഖയുണ്ടാക്കേണ്ട സമയമായിരിക്കുന്നു കേരളത്തില്‍. ചൂടുകൂടുതലുള്ള വെള്ളത്തിലും നിലനില്‍ക്കാന്‍ ഈ ഏകകോശജീവിക്ക് സാധിക്കും. അനുകൂല സാഹചര്യത്തിനനുസരിച്ച് മൂന്ന് രൂപങ്ങളില്‍ ഇവക്ക് നിലനില്‍ക്കാന്‍ ശേഷിയുണ്ട്. കേരളത്തിലെവിടെയും സ്വാഭാവിക അന്തരീക്ഷത്തില്‍ അപകടകാരിയായ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാം. ഈ സാഹചര്യത്തില്‍ പൊതു- സ്വകാര്യ സ്വിമ്മിങ് പൂളുകള്‍, വാട്ടര്‍ തീംപാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ക്വാറിക്കെട്ടുകള്‍ പോലുള്ള ജലാശയങ്ങളില്‍ ഈ ഏകകോശ ജീവിയുടെ സാന്ദ്രത പഠന വിധേയമാക്കുകയും ചെയ്യണം. ഇത്തരം ജലാശയങ്ങളില്‍ സമ്പര്‍ക്കമുണ്ടായവര്‍ പനിപോലുള്ള ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരരുത്. ക്ലോറിനേഷന്‍ ചെയ്യാനാവാത്ത മീന്‍വളര്‍ത്തലിനുപോലുള്ള ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. .