X

ഖത്തറില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് ഡിസംബര്‍ വരെ

ദോഹ: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, മടക്കയാത്ര, താമസം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ സംബന്ധിച്ച 2009-ലെ നാലാം നമ്പര്‍ നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇവര്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെയായിരുന്നു നിയമത്തില്‍ ഇളവ് നല്‍കിയിരുന്നത്. ഇനിയും സ്വദേശത്തേക്ക് മടങ്ങാത്ത അനധികൃത താമസക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രാലയത്തിലെ സെര്‍ച്ച് ആന്റ് ഫോളോഅപ് വകുപ്പിനെ സമീപിക്കണമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഖത്തര്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. നേരത്തെ 2004 മാര്‍ച്ച് 21 മുതല്‍ ജൂലൈ 21 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പതിനായിരത്തോളം പ്രവാസികളാണ് അന്ന് പൊതുമാപ്പില്‍ സ്വദേശത്തേക്ക് മടങ്ങിയത്. 2009 നാലാം നമ്പര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷയോ 50000 റിയാല്‍ വരെ പിഴയോ ചുമത്തും. ലംഘനം ആവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ 15 ദിവസത്തേക്ക് നീട്ടുകയും പിഴ തുക 20000 റിയാലില്‍ കുറയാതെ നല്‍കുകയും വേണം.

 

Web Desk: