X

കേന്ദ്രം വേട്ടയാടുന്നു; ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിരന്തരമായ വേട്ടയാടല്‍ കാരണം തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളെ സര്‍ക്കാര്‍ വേട്ടയാടുന്നതിനാല്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സംഘടന പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചും ആംനസ്റ്റി ഇന്റര്‍നാഷനല്‍ തുറന്നടിച്ചു.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ഇതുകാരണം രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ ജീവനക്കാരെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്-ആംനസ്റ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ വളരെ ആസൂത്രിതമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും നേരിടുന്നു,’ ആംനസ്റ്റി ഇന്ത്യയുടെ റിസേര്‍ച്ച്, അഡ്വക്കസി, പോളിസി ഡയരക്ടര്‍ ശരത് ഖോശ്‌ല ബി.ബി.സിയോട് പറഞ്ഞു.

ഡല്‍ഹി കലാപത്തെ സംബന്ധിച്ചും കശ്മീര്‍ വിഷയത്തിലും തങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഡല്‍ഹി കലാപത്തെ സംബന്ധിച്ചുള്ള ആംനസ്റ്റിയുടെ നിരീക്ഷണ റിപ്പോര്‍ട്ടും കേന്ദ്രം നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

web desk 1: