ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയണക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. അറസ്റ്റ് അസംബന്ധവും പരിഹാസ്യവുമാണെന്ന് ആംനസ്റ്റി വിലയിരുത്തി.
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം ചൂടിയത്. ലോകത്തിന്റെ വിവിധ ഭാഗത്ത് പാകിസ്താനെ പിന്തുണച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാപൂരിലെ മൊഹദ് ഗ്രാമവാസികളില് ചിലരും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയം പടക്കം പൊട്ടിച്ച് ജയം ആഘോഷിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് 20നും 35നും ഇടയില്‍ പ്രായമുള്ള 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനകുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇതിനെതിരെയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയത്. അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണമെന്നും ഇത്തരത്തിലുള്ള നടപടി അസംബന്ധമാണെന്നും ആംനസ്റ്റി ഇന്ത്യ പ്രോഗ്രാംസ് ഡയറക്ടര്‍ അസ്മിത ബസു വ്യക്തമാക്കി. മത്സരത്തില്‍ കളിക്കുന്ന ഒരു രാജ്യത്തെ പിന്തുണക്കുന്നത് കുറ്റമല്ലെന്നും ആരെ പിന്തുണക്കമെന്ന് ആലോചിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. അറസ്റ്റിലൂടെ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയുമാണ് ഇല്ലാതാക്കിയതെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു എന്ന പേരില്‍ കാസറഗോഡ് ബദിയടുക്കയിലും 20 ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.