കൊച്ചി: അമ്മ സംഘടനയിലെയും വുമന്‍ ഇന്‍ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികളുടെ നിര്‍ണ്ണായക ഇന്ന് ചര്‍ച്ച നടക്കും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ഭാരവാഹികള്‍ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കല്‍, ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവെച്ചിരുന്നു. തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കി. വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. കത്ത് നല്‍കിയ മൂന്ന് നടിമാരെയാണ് സംഘടന ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. മൂന്ന് പേരുടെയും സൗകര്യാര്‍ത്ഥം കഴിഞ്ഞ മാസം പതിനാലിന് ചര്‍ച്ച നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഓഗസ്റ്റ് 7ന് ചര്‍ച്ച നടത്താമെന്നാണ് സംഘടന വ്യക്തമാക്കിയത്.
വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ് ചര്‍ച്ച. നടിമാരുമായുള്ള ചര്‍ച്ചക്കുശേഷം ജോയ് മാത്യുവുമായും ഷമ്മി തിലകനുമായും അമ്മ ചര്‍ച്ച നടത്തും. വൈകുന്നേരം അഞ്ചിനും അഞ്ചരക്കുമാണ് ഇവരുമായുള്ള അമ്മയുടെ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
അമ്മ സംഘടനക്കെതിരെ കഴിഞ്ഞ ദിവസം രമ്യാ നമ്പീശനും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ തയ്യാറായി രണ്ട് നടിമാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.