X

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടന്നിരുന്നു: പുതിയ വെളിപ്പെടുത്തലുമായി നടന്‍ ബാബുരാജ്

നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടത്തിയിരുന്നതായി നടന്‍ ബാബു രാജിന്റെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട്
നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു. ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായിരുന്നു. വിവാദത്തില്‍ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് രംഗത്തെത്തിയത്.

താരസംഘടനയായ അമ്മയിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രംഗത്തെത്തിയിരുന്നു. അമ്മയില്‍ ജനാധിപത്യമില്ല എന്ന് ആരോപിച്ച നടിമാര്‍, സ്ത്രീകളെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് പാര്‍വ്വതി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അമ്മയുടെ പുതിയ പ്രസിഡണ്ടായ മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. നടി പാര്‍വ്വതിയുടെ ആരോപണത്തില്‍ സത്യമില്ലെന്നായിരുന്നു സംഭവത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം.

നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്
കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. എക്സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും നേരത്തെ യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ലായിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷന്‍ വേണ്ടെന്ന് വെച്ചു. താന്‍ പകുതി ആളുകളോടും വോട്ട് ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഇലക്ഷന്‍ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു, ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

സംഘടനയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിയ ആവേശത്തിലാണ് അമ്മയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ സംഘടനയുടെ ചട്ടപ്രകാരം അത് തെറ്റായിരുന്നു. നേരത്തെ തിലകന്‍ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ വിശദീകരണം നല്‍കിയില്ലെങ്കിലേ പുറത്താക്കാന്‍ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ.

മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെ കാലാനുസൃതമായ മാറ്റങ്ങള്‍ അമ്മയിലും ഉണ്ടാകും.ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി. രാജിവെച്ച മൂന്ന് നടിമാരെ കൂടാതെ ഷമ്മി തിലകനേയും ജോയ് മാത്യുവിനേയും സംഘടന ബന്ധപ്പെടുന്നുണ്ട്. അവരുടെ പ്രശ്നങ്ങള്‍ എന്തെന്ന് ചോദിച്ച് മനസ്സിലാക്കുമെന്നും പരിഹാരമുണ്ടാക്കുമുള്ള ശ്രമത്തിലാണ്. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

chandrika: