കൊച്ചി: അമ്മയുടെ വാര്‍ഷികയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ ക്ഷുഭിതനായി മുകേഷ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു.
നടിക്കെതിരെയുള്ള നടന്‍മാരുടെ ആക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് മുകേഷ് ക്ഷുഭിതനായത്. കസേരയില്‍ നിന്നെഴുന്നേറ്റുകൊണ്ടായിരുന്നു പ്രതികരണം. അനാവശ്യ ചോദ്യങ്ങളാണെങ്കില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുകേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ രൂക്ഷ വിമര്‍ശനമുണ്ടായി. ഇരു താരങ്ങളും അമ്മയുടെ മക്കളാണ്. ആരേയും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. നടിയുടെ വിഷയം നിലവില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തില്ല. വിഷയം ആരും ഉന്നയിച്ചില്ലെന്നും പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.
ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. അമ്മ ഒറ്റക്കെട്ടാണ്. എല്ലാവരും അമ്മയുടെ മക്കളാണ്. വനിതാ അംഗങ്ങളുടെ സംഘടന സഹോദരിമാരുടെ സംഘടനയാണ്. അതിനെ അംഗീകരിക്കുന്നു. എന്നാല്‍ താരസംഘടനയില്‍ പിളര്‍പ്പുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അങ്ങനെയില്ല. അമ്മ ഒറ്റക്കെട്ടാണെന്നും ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും ഗണേഷ്‌കുമാര്‍ ആവര്‍ത്തിച്ചു. ഈ സമയം മാധ്യമങ്ങള്‍ക്കുനേരെ താരങ്ങള്‍ കൂക്കിവിളിക്കുകയായിരുന്നു. ഒരുവേളയില്‍ മണിയന്‍പിള്ള രാജു വാര്‍ത്താസമ്മേളനം അവസാനിച്ചുവെന്ന് പറഞ്ഞെങ്കിലും വീണ്ടും തുടര്‍ന്നു. വാര്‍ത്താസമ്മേളനത്തിന്റെ സ്വഭാവത്തില്‍ നിന്നും മാറിയായിരുന്നു വാര്‍ത്താസമ്മേളനം. ഒരു ചോദ്യത്തിന് പലരും എണീറ്റ് നിന്നുകൊണ്ട് പ്രതികരിച്ചു. എന്നാല്‍ വേദിയിലിരുന്ന മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിച്ചതേയില്ല. മാധ്യമങ്ങളുടെ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞതും ഗണേഷ്‌കുമാറായിരുന്നു.
നേരത്തെ വാര്‍ത്താസമ്മേളനത്തിനു മുമ്പ് നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിച്ചുവെന്ന് നടി റിമകല്ലിങ്കല്‍ പറഞ്ഞിരുന്നു. സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് എല്ലാ തരത്തിലുമുള്ള സുരക്ഷയൊരുക്കുമെന്ന് അമ്മ ഉറപ്പുനല്‍കി. നടിയുടെ വിഷയം യോഗത്തില്‍ ഉന്നയിച്ചു. പക്ഷേ ചര്‍ച്ചയായില്ലെന്നും റിമ പറഞ്ഞിരുന്നു.