കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ നമ്പീശന്‍ രംഗത്തുവന്നപ്പോള്‍ ഇന്നസെന്റ് ഇടപെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദിലീപിനെ ചോദ്യം ചെയ്തതിനെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് രമ്യ പറയാന്‍ തുടങ്ങുന്നതിനുമുമ്പായിരുന്നു ഇന്നസെന്റ് ഇടപെട്ടത്. കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നസെന്റിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ രമ്യയെ അനുവദിക്കുകയും ചെയ്തില്ല. എന്നാല്‍ രമ്യക്കൊപ്പം പിന്തുണയുമായി റിമ കല്ലിങ്കല്‍ എത്തിയെങ്കിലും സ്ത്രീകളുള്‍പ്പെടെയുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. കൊച്ചിയില്‍ നിന്നുള്ള നടന്‍മാരും ദിലീപിനൊപ്പം ചേര്‍ന്നപ്പോള്‍ യോഗം അവസാനിക്കുന്നതിനുമുമ്പുതന്നെ രമ്യയും റിമയും ഇറങ്ങിപ്പോവുകയാണുണ്ടായത്. ബഹളം നടക്കുന്ന സമയത്തും മമ്മുട്ടിയും മോഹന്‍ലാലും നിശബ്ദരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ആരും ഉന്നയിച്ചില്ലെന്നും അതുകൊണ്ട് വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ഇന്നസെന്റും ഗണേഷും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നസെന്റിനെ പിന്തള്ളിയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. യോഗത്തില്‍ നിശബ്ദരായിരുന്ന മമ്മുട്ടിയും മോഹന്‍ലാലും വാര്‍ത്താസമ്മേളനത്തിലും നിശബ്ദരായിരുന്നു.