X

അമ്മയില്‍ തര്‍ക്കം രൂക്ഷം: കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി പിന്‍വലിച്ചു; രാജിവെക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അമ്മ പിന്‍വലിച്ചു. സംഘടനയ ുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിച്ചത്.

വനിത ജഡ്ജി വേണമെന്നും പ്രത്യേക കോടതി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതില്‍ കക്ഷി ചേരുന്നതിനാണ് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണന്‍കുട്ടിയും ഹണി റോസും സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. നടിയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കാണിച്ചാണ് രചനയും ഹണി റോസും ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഹര്‍ജി അനുവദിക്കരുതെന്നും താന്‍ ‘അമ്മ’ സംഘടനയില്‍ അംഗമല്ലെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജി അനുവദിക്കരുതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു.

25 വര്‍ഷമെങ്കിലും പരിചയമുളള അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് രചനയും ഹണി റോസും ആവശ്യപ്പെട്ടിരുന്നു. തന്നോട് ആലോചിച്ചതിന് ശേഷം 32 വര്‍ഷം പരിചയസമ്പത്തുള്ള അഭിഭാഷകനെയാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയോഗിച്ചതെന്ന് നടി അറിയിച്ചു. ഇക്കാര്യത്തില്‍ തനിക്ക് പരാതിയില്ല. കേസ് നടത്താന്‍ തനിക്ക് സര്‍ക്കാരിന്റെ സഹായം മതി. മറ്റാരുടെയും സഹായം വേണ്ടെന്നും ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലുനടിമാര്‍ രാജിവെച്ച സംഭവം അമ്മയില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്. നടിക്ക് പിന്തുണ നല്‍കി സര്‍ക്കാരിന് അയച്ച കത്ത് ദിലീപ് അനുകൂലികള്‍ പൂഴ്ത്തിയ സംഭവത്തില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് പേടിക്കുന്നത് എന്തിനാണെന്നും എല്ലാ കാര്യങ്ങളിലും അട്ടിമറി നീക്കം നടത്തുന്നത് എന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും രാജിവെക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇടപെട്ടാണ് കാര്യങ്ങള്‍ ശാന്തമാക്കിയത്. പുതിയ എക്‌സിക്യൂട്ടീവിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായി നിലപാടെടുത്തുവെന്നാണ് വിവരം.

chandrika: