X
    Categories: More

അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല

ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ രാജ്യത്താകമാനം വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. അംബേദ്കറെ അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്നലെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞു. നീല വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയ സംഭവവുമുണ്ടായി. കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ചുമായി മുന്നോട്ട് നിങ്ങുന്നതിനിടെ ബി.ജെ.പി എം.പിമാര്‍ ഇരുവരെയും പിടിച്ചുതള്ളുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ഇന്നലെ രാവിലെ മുതല്‍ പാര്‍ലമെന്ററില്‍ പ്രതിഷേധം നടത്തുകയും പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്. പ്രതിപക്ഷ സമരത്തെ സഹിഷ്ണുതയോടെ കാണാന്‍ കഴിയാത്ത ഭരണകക്ഷി അംഗങ്ങള്‍ ഇല്ലാത്ത കഥകളുമായി രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം.പി രാജ്യസഭയില്‍ പറഞ്ഞത് വന്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു. നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എം.പിയാണ് ഫാംഗ് നോന്‍ കൊന്യാക്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തു വെന്നും മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. അംബേദ്കര്‍ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ നടത്തിയ നാടകീയ സംഭവങ്ങളാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. എന്തൊക്കെ തട്ടിപ്പ് നടത്തിയാലും അമിത്ഷാക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിക്കാനാവില്ല.

ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഭരണഘടനാ ശില്‍പി ഡോ. ബാബാസാഹബ് അംബേദ്കര്‍ തന്റെ ജീവിതം രാജ്യത്തിനായി മാറ്റിവച്ച വ്യക്തിത്വമാണ്. പിന്നാക്ക വിഭാഗങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സ്യഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അ ദ്ദേഹത്തിന്റെ ലക്ഷ്യം. ജാതീയതയിലൂടെ തൊട്ടുകൂടായ്മ കൊടികുത്തിവാണിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ ജാതികള്‍ക്കിടയില്‍ ബന്ധുത്വം പ്രഖ്യാപിച്ചുകൊണ്ടാണ് അംബേദ്കര്‍ സാഹോദര്യത്തിന്റെ പ്രായോഗിക രൂപം ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത്. കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയിലെ തൊട്ടുകൂടായ്മയെയും ജാതി വ്യവസ്ഥയെയും ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തിയാണ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതെന്ന് അംബേദ്കര്‍ ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തി. കേവല നിയമങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ബന്ധുത്വമെന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ജനഹ്യദയങ്ങളിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ആശയത്തിലൂടെ മാത്രമേ ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുവെന്ന് ഭരണഘടന അസംബ്ലിയില്‍ അംബേദ്കര്‍ വ്യക്തമാക്കി. എന്നാല്‍ അംബേദ്കര്‍ വളര്‍ത്തിയെടുത്ത ബന്ധുത്വ പ്രത്യയശാസ്ത്രത്തെ തകര്‍ത്ത് അവിടെ ഹിന്ദുത്വ പ്രതിലോമ ആശയങ്ങള്‍ കുടിയിരുത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ആശയങ്ങള്‍ പ്ര ചരിപ്പിക്കുന്നതില്‍ അംബേദ്കര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ എന്നും തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം അവര്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കാനും ഇകഴ്ത്താനും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് അമിത്ഷാ വിവാദ പ്രസ്താവന നടത്തിയതും വിഭാഗീയത മുഖമുദ്രയാക്കിയവര്‍ക്ക് ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും കണ്ണിലെ കരടായിരിക്കും. അവരെ അവസരം കിട്ടുമ്പോഴൊക്കെ അപമാനിക്കുക തുടര്‍ന്നുകൊണ്ടേയിരിക്കും. അംബേദ്കറെ അപമാനി ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍തന്നെ വീണ്ടും അപമാനിക്കുന്ന നടപടിയുമായി ഇന്നലെ ബി.ജെ.പി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ പിടിച്ച പ്ലക്കാര്‍ഡിലെ ബി.ആര്‍ അംബേദ്കറുടെ ചിത്രം എഡിറ്റുചെയ്ത് മാറ്റി പകരം ശതകോടിശ്വരന്‍ ജോര്‍ജ് സോറസിന്റെ ഫോട്ടോ ചേര്‍ത്തായിരുന്നു ബി.ജെ.പിയുടെ പരിഹാസം. അംബേദ്കറുടെ ഫോട്ടോ വികലമാക്കിയതിലൂടെ ഭരണഘടനാ ശില്‍പിയോട് തങ്ങള്‍ക്ക് ഒട്ടും ബഹുമാനമില്ലെന്ന് തെളിയിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഭരണഘടനാ ശില്‍പിയെ അപമാനിച്ച അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ ഒരു അര്‍ഹതയുമില്ല

 

webdesk17: