മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം കേരളത്തിലെത്തിയ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പാര്‍ട്ടിയുടെയും മറ്റുമായി മുപ്പതോളം പരിപാടികളില്‍ പങ്കെടുത്തു. ക്രിസ്തീയ മത നേതാക്കളെയും ഏതാനും പൗരപ്രമുഖരെയും നേരില്‍കണ്ട് ചര്‍ച്ച നടത്തി. കേന്ദ്രത്തിലും പതിനെട്ട് സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയ പാര്‍ട്ടിക്ക് കേരളം എന്തുകൊണ്ടിപ്പോഴും ബാലികേറാമലയാകുന്നുവെന്ന സംശയമാണ് അമിത്ഷാ ഉന്നയിക്കുന്നത്. വോട്ട് കൂട്ടാന്‍ കര്‍ശനനിര്‍ദേശമാണ് അധ്യക്ഷന്‍ സംസ്ഥാന ഘടകത്തിന് നല്‍കിയതെന്നിരിക്കെ ഇതിനായി എന്തെല്ലാം തന്ത്രങ്ങളാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ലെങ്കിലും 46 ശതമാനം വരുന്ന മത ന്യൂനപക്ഷങ്ങളെ ഏതുവിധേനയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്ന് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒറീസതലസ്ഥാനമായ ഭുവനേശ്വറില്‍ കഴിഞ്ഞമാസം നടന്ന ദേശീയനിര്‍വാഹക സമിതിയുടെ പ്രമേയവും വരുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തിനുള്ള യൂറിയയുമായാണ് ഷാ കൊച്ചിയില്‍ വിമാനമിറങ്ങിയിരിക്കുക.
ഭൂത രൂപമായ ജനസംഘം മുതലിങ്ങോട്ട് വ്യക്തമായ വര്‍ഗീയ-വിഭജന അജണ്ടയാണ് ആ പാര്‍ട്ടിയുടെ കൈമുതല്‍. എവിടെയെല്ലാമവര്‍ കൂടുതല്‍ വോട്ടുനേടിയിട്ടുണ്ടോ അവിടെയെല്ലാം പയറ്റിയത് ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാമെന്നാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടത്തെല്ലാം ഇത് ഇന്ത്യന്‍ ജനത നേരിട്ടുകണ്ടതും അനുഭവിച്ചതുമാണ്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നമുയര്‍ത്തിയാണ് രണ്ടില്‍നിന്ന് എണ്‍പത്തിരണ്ടിലേക്ക് ലോക്‌സഭാപ്രാതിനിധ്യം ഉയര്‍ത്തിയത്. ഗുജറാത്തില്‍ ഗോധ്ര ട്രെയിന്‍തീവെപ്പിനെ തുടര്‍ന്നങ്ങോട്ട് നടത്തിയ രണ്ടായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കുരുതി, നൂറോളം പേരുടെ അന്ത്യത്തിനിടയാക്കിയ മുസഫര്‍ നഗറിലും, മീററ്റ്, ഭീവണ്ടിയിലുമെല്ലാം നടത്തിയ വര്‍ഗീയ കലാപങ്ങള്‍, സര്‍വകലാശാലകളിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ട്, ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നതുള്‍പ്പെടെ എത്രയെത്ര കിരാത പരമ്പരയാണ് ആ പാര്‍ട്ടിയെയും മാതൃസംഘടനയായ ആര്‍.എസ്.എസിനെയും ഇന്നും വേട്ടയാടുന്നത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ അണിയറയിലായിരുന്ന ആഭ്യന്തര വകുപ്പു മന്ത്രിയായ ഷാ, കേരളത്തില്‍ വന്ന് ഏതുവിധേനയും വോട്ടുകൂട്ടാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് തട്ടിക്കയറുമ്പോള്‍ കട്ടച്ചോര മണക്കുന്നത് സ്വാഭാവികം. പി.കെ കുഞ്ഞാലിക്കുട്ടിയും കോടിയേരി ബാലകൃഷ്ണനും എം.എം ഹസനും സംശയിച്ചത്് ഈ അടിസ്ഥാനത്തിലാകണം.
ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ വഴി നോക്കണമെന്ന് നിര്‍ദേശിക്കുന്ന നേതാവിന് അതിനുള്ള വഴികള്‍ കൂടി തന്റെ കേരള നേതാക്കള്‍ക്കും അണികള്‍ക്കും വിശദീകരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതാദ്യമായി നേമത്ത് ഒ. രാജഗോപാലിന് വിജയിക്കാനായെങ്കിലും കേരളത്തില്‍ ഇപ്പോഴും ബി.ജെ.പിയുടെ വോട്ടു ശതമാനം പതിനഞ്ചില്‍ താഴെയാണ്. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം ഇതുപോലെ താഴ്ന്ന ശതമാനത്തില്‍ നിന്നാണ് പാര്‍ട്ടി പടിപടിയായി ഉയര്‍ന്നതെന്നാണ് ഷാ ചൂണ്ടിക്കാട്ടുന്നത്. ആ പൂതി പരിശോധിച്ചുനോക്കാം. ഈഴവ സമുദായത്തെ പിടിക്കാന്‍ നടത്തിയ ശ്രമം വെള്ളാപ്പള്ളി നടേശന്റെ വിട്ടുനില്‍ക്കലോടെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. 12 ശതമാനം വരുന്ന നായര്‍ സമുദായത്തിന്റെ സംഘടനയായ എന്‍.എസ്.എസ്സും ബി.ജെ.പിയുമായി അകലം പാലിക്കുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന ആര്‍.എസ്.എസ്സിന്റെ ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മധ്യ-വടക്കേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ നിരവധി മിഷനറി പ്രവര്‍ത്തകര്‍ക്ക് സംഘ്പരിവാരില്‍ നിന്ന് കടുത്ത ജീവല്‍ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. ഒറീസയിലും മറ്റും ക്രിസ്ത്യന്‍ മിഷനറിമാരെ മത പരിവര്‍ത്തനം ആരോപിച്ച് കൊലപ്പെടുത്തിയവരാണീ സംഘ്പരിവാരം. മതപരിവര്‍ത്തനം പറഞ്ഞാണ് കാത്തോലിക്കരുടെ തലവനായ മാര്‍പ്പാപ്പയെ ഇന്ത്യയില്‍ കാലുകുത്താന്‍ ഇവരിപ്പോള്‍ സമ്മതിക്കാത്തത്. ചര്‍ച്ചയിലൂടെ ബി.ജെ.പി മുന്നണിയിലേക്ക് കേരളീയരായ ക്രിസ്ത്യാനികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളാണെങ്കില്‍ തികഞ്ഞ മതേതര പാരമ്പര്യമുള്ള ആ സമുദായം അതിന് വഴങ്ങുമെന്ന് തോന്നുന്നില്ല.
സംസ്ഥാനത്തെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളെ സംബന്ധിച്ച് അമിത്ഷാ സന്ദര്‍ശനത്തിനിടെ എന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. ആടുമാംസം സൂക്ഷിച്ച ഉത്തര്‍പ്രദേശിലെ ധീര സൈനികന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ അമിത്ഷായുടെ ആശയക്കാര്‍ തന്നെയാണ് രാജസ്ഥാനില്‍ പെഹ്‌ലൂഖാന്‍ എന്ന ക്ഷീര കര്‍ഷകനെ പട്ടാപ്പകല്‍ കൂട്ടമായി തല്ലിക്കൊന്നത്. ഇസ്‌ലാംമതം സ്വീകരിച്ചുവെന്നതുകൊണ്ട് അടുത്ത കാലത്തായി കേരളത്തില്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍, മലപ്പുറം കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍, കാസര്‍കോട് റിയാസ് മുസ്‌ലിയാര്‍, മഞ്ചേരിയിലെ മതംമാറിയ യുവതി, തിരൂരിലെ യാസിര്‍ എന്നിവരെയെല്ലാം വെട്ടിക്കൊന്നത് ആര്‍.എസ്.എസ് ആണെന്ന് വ്യക്തമായതാണ്. ഇതിലൊന്നും പക്ഷേ മുസ്്‌ലിംകള്‍ വീണില്ല. നിലമ്പൂരിനടത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തില്‍ ഹൈന്ദവ സമുദായാംഗങ്ങള്‍ വീണില്ല. കണ്ണൂരിലും മറ്റും ആര്‍. എസ്.എസും ബി.ജെ.പിയും കൊലപ്പെടുത്തിയവരുടെ എണ്ണമെത്രയോ വരും. നിങ്ങളുടെ ഹിഡണ്‍ അജണ്ട മനസ്സിലാക്കാനുള്ള ബുദ്ധി പ്രബുദ്ധ കേരളത്തിനുണ്ടെന്നാണ് ഇക്കഴിഞ്ഞ മലപ്പുറം ഫലം തെളിയിച്ചത്.
കുറച്ച് കടലാസ് നേതാക്കള്‍ക്ക് നല്‍കുന്ന പദവിയുടെ അപ്പക്കഷണത്തില്‍ വീണുപോകുന്നതല്ല കേരളത്തിലെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ മതേതര മനസ്സ്. ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ശ്രീനാരായണഗുരുവും ഇസ്‌ലാമിക, ക്രിസ്തീയ ആത്മീയ നേതാക്കളുമൊക്കെ ഉഴുതുമറിച്ചിട്ട ഈ മണ്ണില്‍ ദേശീയ-പുരോഗമന പ്രസ്ഥാനങ്ങള്‍ വിതച്ചതാണ് മതേതരവും ജാതീയ വിരുദ്ധവുമായ മാനവിക സാഹോദര്യത്തിന്റെ കേരളീയമനസ്സ്. ഇക്കൊച്ചുകേരളം ബഹുവര്‍ണമുള്ള ഇന്ത്യയുടെ തനിപ്പകര്‍പ്പായതും മറ്റൊന്നുകൊണ്ടല്ല. ഉത്തരേന്ത്യയിലേതുപോലുള്ള ദലിത്-ബ്രാഹ്മണ-ക്ഷത്രിയ വൈജാത്യങ്ങളിലും വോട്ടിനുവേണ്ടിയുള്ള ഹിന്ദുത്വത്തിലും കുരുക്കി ഇവിടെ ആരും മനുഷ്യരെ അറുത്തുമുറിച്ചിട്ടില്ല. ഇത് സ്വയമറിയില്ലെങ്കില്‍ രാജഗോപാലിനെപോലുള്ള താങ്കളുടെ സംസ്ഥാന നേതാക്കളോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം. അല്ലാതെ കേരളത്തെ എളുപ്പത്തില്‍ കാവിപുതപ്പിച്ച് കിടത്താമെന്ന് കരുതിയാല്‍ ആ വെച്ചിരിക്കുന്ന വെള്ളം വാങ്ങിവെച്ചേര് എന്നേ പറയുന്നുള്ളൂ.