കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെത്തിയ കേന്ദ്രമന്ത്രി അമതിഷായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂള്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെയാണ് അമിത് ഷായ്‌ക്കെതെതിരെ വിമര്‍ശനം ഉയരുന്നത്.
ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ അമിത് ഷാ പുഷ്പാര്‍ച്ചന നടത്താന്‍ പോവുകയാണെന്ന് വലിയ രീതിയില്‍ പ്രചാരണം നടത്തിയ ശേഷമായിരുന്നു ആള് മാറി അമിത് ഷാ യുടെ പുഷ്പ്പാര്‍ച്ചന. തൊട്ടുപിന്നാലെ ബിര്‍സ മുണ്ടയുടേതല്ല പ്രതിമയെന്ന് ബിജെപി നേതാക്കളെ ഗോത്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു. അബദ്ധം പറ്റി എന്ന് മനസ്സിലാക്കി ബി.ജെ.പി തിടുക്കത്തില്‍ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വയ്ക്കുകയും അമിത് ഷാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുകയായിരുന്നു.
സന്ദര്‍ശനത്തിനുശേഷം ബിര്‍സാ മുണ്ടയെക്കുറിച്ച് അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തു.
‘പശ്ചിമ ബംഗാളിലെ ബന്‍കുരയില്‍ ഇതിഹാസ ഗോത്ര നേതാവ് ഭഗവാന്‍ ബിര്‍സ മുണ്ടാജിക്ക് പുഷ്പാര്‍ച്ചന നടത്തി. ബിര്‍സ മുണ്ടാജിയുടെ ജീവിതം നമ്മുടെ ആദിവാസി സഹോദരിമാരുടെയും സഹോദരങ്ങളുടെയും അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്,’ എന്നായിരുന്നു ട്വീറ്റ്.
എന്നാല്‍ ഗോത്ര നേതാക്കളുടെ സംഘടനയായ ഭാരത് ജകത് മാജി പര്‍ഗാന മഹല്‍/ബിര്‍സ മുണ്ടയെ അപമാനിക്കുന്ന കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ബിജെപിയുടെ നടപടിയില്‍ അസ്വസ്ഥരാണെന്നും അറിയിച്ചു. പ്രാദേശിക ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിക്കുകയും ചെയ്തു.