ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനെത്തിയ അമിത് ഷാക്ക് നാക്ക് പിഴ. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിക്കവെയാണ് അമിത് ഷാക്ക് അബദ്ധം പിണഞ്ഞത്. സിദ്ധരാമയ്യയുടെ പേരിന് പകരം അമിത് ഷാ പറഞ്ഞത് യെദിയൂരപ്പയുടെ പേരായിരുന്നു.
രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു മത്സരം നടത്തിയാല്‍ യെദിയൂരപ്പ സര്‍ക്കാരിനായിരിക്കും ഒന്നാംസ്ഥാനം ലഭിക്കുകയെന്ന് അടുത്തിടെ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു എന്നാണ് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സിദ്ധരാമയ്യ സര്‍ക്കാര്‍ എന്ന് ഉദ്ദേശിച്ചത് യെദിയൂരപ്പ സര്‍ക്കാര്‍ എന്ന് മാറിപ്പോവുകയായിരുന്നു.
കളവുകളുടെ ഷാ ആയ അമിത് ഷാ ഒടുവില്‍ സത്യം പറഞ്ഞു എന്നായിരുന്നു ഇതിനോട് സിദ്ധരാമയ്യയുടെ പ്രതികരണം. അമിത് ഷാക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.