രാജ്യം സാമ്പത്തികവും രാഷ്ട്രീയവുമായ അടിയന്തിരാവസ്ഥയിലേക്ക് അതിദ്രുതം നടന്നടുക്കുകയാണെന്നാണ് ഇപ്പോള്‍ ദൃശ്യമാകുന്ന ചലനങ്ങള്‍ പൗരന്മാരെ ഭയചകിതരാക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യം ഡോളറൊന്നിന് 72ഉം കടന്ന് താഴോട്ട് കുതിക്കുമ്പോഴാണ് രാജ്യത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നേരെ വിപരീതദിശയില്‍ ഉയരങ്ങളിലേക്ക് പായുന്നത്. ഇന്നലെ രാവിലെ 72.18 രൂപയാണ് യു.എസ് ഡോളറിനുള്ള ഇന്ത്യന്‍രൂപയുടെ മൂല്യം. പെട്രോള്‍വില കേരളത്തില്‍ 83 ലേക്ക് അടുത്തിരിക്കുന്നു. ഡീസല്‍ വില 78 രൂപയുടെ അടുത്തെത്തിക്കഴിഞ്ഞു. മുംബൈയില്‍ പെട്രോളിന് 88 നോട് അടുത്തുകഴിഞ്ഞു. ഇരു മുഖ്യഇന്ധനങ്ങള്‍ക്കും വില ഏതാണ്ട് അടുത്തടുത്തായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മതന്യൂനപക്ഷങ്ങളും ദലിതുകളും പാവങ്ങളും സാധാരണക്കാരുമെന്നുവേണ്ട സകലരും കൊടിയ കെടുതിയെ നേരിടുന്നു. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തലതിരിഞ്ഞതും ദീര്‍ഘദൃഷ്ടിയില്ലാത്തതുമായ സാമ്പത്തിക ഭരണനടപടികളാണ് ഈ തകര്‍ച്ചക്ക് കാരണമായിരിക്കുന്നതെന്ന് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ടതില്ല. ഇത്രയൊക്കെ ചെയ്തുകൂട്ടിയിട്ടും ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളടങ്ങുന്ന നൂറ്റിമുപ്പതുകോടിയിലധികം ജനത തങ്ങള്‍ക്ക് വീണ്ടും വോട്ടുനല്‍കി അധികാരത്തിലേറ്റണമെന്നാണ് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടി ദേശീയനിര്‍വാഹകസമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത അമ്പത് കൊല്ലത്തേക്ക് തങ്ങള്‍ രാജ്യം ഭരിക്കുമെന്നാണ് അമിത്ഷാ പറഞ്ഞിരിക്കുന്നത്. ഇതിനേക്കാള്‍ വിചിത്രവും നിന്ദ്യവും പരിഹാസ്യവുമായ മറ്റെന്തുണ്ട് ഒരു ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാന്‍?
12 നിയമസഭകളിലേക്കും പൊതുതിരഞ്ഞെടുപ്പിലേക്കും ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’ എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി പോകുന്നതെന്നാണ് ദേശീയനിര്‍വാഹകസമിതി യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികരംഗത്തെ പ്രതിസന്ധിയോ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതോ ഒന്നുമല്ല ബി.ജെ.പിയുടെ വേവലാതി. വര്‍ഗീയതയും അന്ധവിശ്വാസവും വൈകാരികതയും പ്രതീക്ഷകളും മുതലാക്കി അഞ്ചുവര്‍ഷംകൂടി തിരഞ്ഞെടുപ്പ് വിജയം കൊയ്യാമെന്നായിരിക്കാം ഇക്കൂട്ടരുടെ കണക്കുകൂട്ടല്‍. രാമക്ഷേത്രനിര്‍മാണത്തെക്കുറിച്ച് മൗനം പാലിക്കുന്നുണ്ടെങ്കിലും ദേശീയനിര്‍വാഹകസമിതി പറയാതെ പറയുന്ന ഒന്നുണ്ട്: കഴിഞ്ഞ നാലുകൊല്ലം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും വാജ്‌പേയിയെ ഓര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ കക്ഷിക്ക് ഒരിക്കല്‍കൂടി അധികാരത്തിലെത്താന്‍ അവസരം തരൂ എന്നും. പക്ഷേ യു.പിയിലെ ഒരു മന്ത്രി തുറന്നുതന്നെ പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കുക തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യം. വെറും 31 ശതമാനം മാത്രം വോട്ടുകളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ കാവിപ്പാര്‍ട്ടിക്ക് അതിലും എത്രയോ കുറവ് വോട്ടുകളേ ഇനി ലഭിക്കാനുള്ളൂ എന്ന് രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുമെന്നിരിക്കെ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രങ്ങളിലാണ് നേതൃത്വം. അതിനാണ് കോണ്‍ഗ്രസിനെയും അതിന്റെ കറകളഞ്ഞ മതേതരപ്രതിച്ഛായയും അനുഭവപാരമ്പര്യവുമുള്ള നേതാക്കളെയും തരംതാണ ഭാഷയില്‍ വിലയിടിച്ചുകാട്ടാന്‍ നടത്തുന്ന പ്രധാനമന്ത്രി അടക്കമുള്ളവരുടെ പാഴ്ശ്രമങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ് മതേതരമഹാസഖ്യം എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുമ്പോഴാണ് ആ സഖ്യത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്നതെന്ന് ഗുര്‍ദാസ്പൂരും ഗോരഖ്പൂരുമൊക്കെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. ആ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്ന തിരിച്ചറിവിലെങ്കിലും മോദിയും ഷായും ചെയ്യേണ്ടത് ജനജീവിതത്തിന് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ്.
നിത്യോപയോഗസാധനങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് വിദൂരപ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് അത്യാവശ്യമായിട്ടുള്ളതാണ് ഡീസല്‍ ഇന്ധനം. ഇതിന് വില വര്‍ധിക്കുകയെന്നാല്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മാത്രമല്ല പണക്കാരുടെ കൂടി ജീവിതനിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് രാജ്യത്തെ ജനങ്ങളുടെ നീറുന്ന ജീവിതപ്രയാസങ്ങളില്‍ ഒരുവിധത്തിലുള്ള ഉല്‍കണ്ഠയുമില്ലെന്നതിന് തെളിവാണ് രാജ്യത്തെ ഇന്ധനവില കുതിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍ അധികൃതര്‍ കാട്ടുന്ന അതിക്രൂരമായ നിസ്സംഗത. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കോ ധനകാര്യമന്ത്രിക്കോ എന്തെങ്കിലും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന വിധത്തില്‍ ന്യായങ്ങള്‍ നിരത്താനില്ലെന്ന വസ്തുത രാജ്യം സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ട് പിന്നിടുമ്പോള്‍ നമ്മെയാകെ വല്ലാതെ അലട്ടുന്നു. മുന്‍കാലങ്ങളില്‍ എണ്ണയുടെ വില ക്രമാതീതമായി കുറഞ്ഞപ്പോഴെല്ലാം അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറിയെങ്കില്‍ ഇന്ന് ഇന്ധനവിലയേക്കാളും കൂടുതല്‍ നികുതിയും കൊള്ളലാഭവും പിടിച്ചെടുത്ത് കൊഴുക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടവും കള്ളപ്പണക്കാരും എണ്ണമുതലാളിമാരും. ഇന്നലെ മാത്രം 45 പൈസയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുസംഭവിച്ചത്. സെന്‍സെക്‌സ് ഇന്നലെ 171.79 പോയിന്റാണ് തകര്‍ന്നത്.
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആജ്ഞാപിക്കുകയും അത് രായ്ക്കുരാമാനം അനുസരിക്കുകയും ചെയ്ത ഇന്ത്യന്‍ ഭരണകൂടമാണ് യഥാര്‍ത്ഥത്തില്‍ ഈ എണ്ണപ്രതിസന്ധിയുടെ കാരണക്കാര്‍. എണ്ണഇറക്കുമതി വ്യവസായികള്‍ വന്‍തോതില്‍ ഇതുമൂലം അമേരിക്കന്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ മൂല്യം കൂപ്പുകുത്താന്‍ കാരണമായത്. മോദി അധികാരത്തിലെത്തുന്ന സമയത്ത് രൂപയുടെ മൂല്യം ഡോളറിന് 48 രൂപയായിരുന്നതാണ് ഇന്നലെ 73ലേക്ക് അടുത്തിരിക്കുന്നത്. ഇന്ധനവിലയുടെ സമാനനിലയിലായിരുന്നു 2014ല്‍. ഇന്ന് രൂപയും ഇന്ധനവും ആനുപാതികമായ നിരക്കിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡീസലിന് ഉണ്ടാകുന്ന വിലക്കയറ്റം രാജ്യത്തെ നിത്യോപയോഗസാധനങ്ങളുടെ അടക്കം വില വര്‍ധിപ്പിക്കുമ്പോള്‍ ജനജീവിതം അഗ്നിസമാനമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അധികാരികള്‍ തിരിച്ചറിയുന്നില്ല. പണപ്പെരുപ്പം സമാനമായ രീതിയില്‍ ഉയരുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥ വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നതിന് തെളിവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓഹരിവിപണിയിലും വന്‍തകര്‍ച്ചയാണ് പ്രകടമായിരിക്കുന്നത്. ചൈനക്കുമേലും ഇറാനുമേലും കൂടുതല്‍ ഉപരോധനടപടികള്‍ അമേരിക്ക സ്വീകരിക്കാന്‍ പോകുന്നതാണ് ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണമായതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിലയിരുത്തല്‍.
രാജ്യത്തെ 86 ശതമാനം കറന്‍സികളും ഒറ്റരാത്രികൊണ്ട് ജനങ്ങളില്‍നിന്ന് പിടിച്ചെടുത്ത് കള്ളപ്പണം കണ്ടെത്തി പൂട്ടുമെന്ന് ആണയിട്ട മോദിസര്‍ക്കാരിന്റെ ദൈന്യമുഖമാണ് ഇപ്പോള്‍ ജനങ്ങളെ നോക്കി പല്ലിളിച്ചുകാട്ടുന്നത്. ജനങ്ങളുടെ ക്ഷമയെയും സഹനശേഷിയെയുമാണ് കഴിഞ്ഞ രണ്ടുകൊല്ലത്തോളം നോട്ടുനിരോധനത്തിന്റെയും കള്ളപ്പണത്തിന്റെയും പേരില്‍ മോദിസര്‍ക്കാര്‍ പരീക്ഷിച്ചതും പരിഹസിച്ചതും. നിരോധിച്ചതില്‍ 99 ശതമാനത്തിലധികം പണവും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തിയെന്ന വിവരം റിസര്‍വ് ബാങ്കാണ് വെളിപ്പെടുത്തിയത്. എന്നാല്‍ നോട്ടുനിരോധനം രാജ്യത്തോട് നേരിട്ടുവന്ന പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമേയില്ല. ഇവരത്രെ അടുത്ത അമ്പതുകൊല്ലം രാജ്യം ഭരിക്കാന്‍ പോകുന്നത്. ഇതിലും വലിയതമാശ ഈ വര്‍ഷമാരും കേട്ടുകാണില്ല !
- 6 years ago
chandrika
Categories:
Video Stories
അമിത്ഷായുടെ അമ്പതാണ്ടിന്റെ അതിമോഹം
Tags: amith sha