X

അവര്‍ ഒരുമിക്കുന്നത് വെല്ലുവിളി തന്നെ, എസ്.പി ബി.എസ്.പി സഖ്യം ഭീഷണിയെന്ന് സമ്മതിച്ച് അമിത് ഷാ

എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

2019 ലും ശിവസേനക്കൊപ്പമായിരിക്കും മഹാരാഷ്ട്രയില്‍ മത്സരിക്കുക എന്നും അവര്‍ക്ക് എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ അത് അവരുടെ ഇഷ്ടമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒറ്റക്ക് നിന്ന് എന്‍.ഡി.എയെ നേരിടാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഐക്യം എന്ന സാധ്യത അന്വേഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു

ഇക്കഴിഞ്ഞ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പിന്തുണയോടെയാണ് എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയെ തോല്‍പിച്ചത്. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്
നേരത്തെ ബി.എസ്.പി നേതാവ് മായാവതിയുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ എസ്.പി-ബി.എസ്.പി സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

എസ്.പി ബി.എസ്.പി സഖ്യം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയെന്നും ആ ശ്രമം പരാജയപ്പെട്ടാല്‍ അവര്‍ ഒരിക്കലും അധികാരത്തിലെത്തില്ലെന്നും അഖിലേഷ് പറഞ്ഞിരുന്നു.

chandrika: