ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള ആവേശത്തിനിടെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കവെ അമിത് ഷാക്ക് അമളി പിണഞ്ഞു.
മുന്‍മുഖ്യമന്ത്രിയും ബി.ജെ. പി നേതാവുമായ യെദ്യൂരപ്പ അഴിമതിക്കാരനാണെന്നും അഴിമതിയില്‍ ആരെങ്കിലും ഒരു മത്സരം നടത്തുകയാണെങ്കില്‍ യെദ്യൂരപ്പയുടെ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനമെന്നുമായിരുന്നു ഷായുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അമിത് ഷായ്ക്ക് നാക്ക് പിഴച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിനു പകരം യെദ്യൂരപ്പയുടെ പേര് കയറി വന്നത് അമിത് ഷായേയും ബി.ജെ.പിയേയും ഒരുപോലെ വെട്ടിലാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസിലായതോടെ അമിത് ഷായുടെ ഇടത്തുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി ഇടപെട്ട് സംഭവിച്ച അമളി വ്യക്തമാക്കി. ഇതോടെ താന്‍ ഉദ്ദേശിച്ചത് സത്യത്തില്‍ സിദ്ധരാമയ്യയെ ആണെന്ന് അമിത് ഷാ തിരുത്തി. ഇതെല്ലാം കേട്ട് ഞെട്ടിക്കൊണ്ട് അമിത് ഷായുടെ വലതുവശത്ത് യെദ്യൂരപ്പയും ഇരിപ്പുണ്ടായിരുന്നു.
ഇതാദ്യമായല്ല യെദ്യൂരപ്പയ്ക്ക് അമിത് ഷായുടെ നാക്കുപിഴ വില്ലനാകുന്നത്. അന്നും യെദ്യൂരപ്പയെ അഴിമതിക്കാരനെന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. അമിത് ഷാക്ക് നാക്കു പിഴച്ചതാണെങ്കിലും സംഭവം സത്യമാണെന്ന് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയും രംഗത്തുവന്നു. ‘അമിത്ഷായ്ക്കും സത്യം പറയാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. ഞങ്ങളും അമിത് ജിയ്ക്കൊപ്പമാണ്. ബിഎസ് യെദ്യൂരപ്പയും ബിജെപിയും തന്നെയാണ് ഏറ്റവും അഴിമതി നിറഞ്ഞത്’-കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ മേധാവി രമ്യ ട്വീറ്റ് ചെയ്തു.
‘കള്ളങ്ങളുടെ ഷാ ഒടുവില്‍ സത്യം പറഞ്ഞിരിക്കുന്നു. നന്ദി’ എന്നായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്. അമിത് ഷായുടെ പ്രഖ്യാപനവും തുടര്‍ന്ന് അടുത്തിരിക്കുന്ന നേതാവ് അത് തിരുത്തുന്നതുമായ ദൃശ്യങ്ങള്‍ വൈറലായി. രാഹുല്‍ ഗാന്ധിയും ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചു. മെയ് 15ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. യെദ്യുരപ്പയുടെ അഴിമതി കഥകള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് അമിത് ഷായുടെ ഇരുട്ടടി.